'അരിക്കൊമ്പനെ മാറ്റാനുള്ള ഉത്തരവാദിത്തം കോടതി സർക്കാരിൻ്റെ തലയിലിട്ടു'; ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് എകെ ശശീന്ദ്രൻ - അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ
തിരുവനന്തപുരം: ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന ഹൈക്കോടതി വിധിയെ വിമർശിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. അരിക്കൊമ്പനെ മാറ്റാനുള്ള ഉത്തരവാദിത്തം കോടതി സർക്കാരിൻ്റെ തലയിലിട്ടുവെന്ന് എ.കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായും നിയമവിദഗ്‌ദരുമായി ആലോചിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധിയാണിത്. അഞ്ചു ദിവസത്തിനകം അനുയോജ്യമായ സ്ഥലം കണ്ടെത്താനാകുമോ എന്ന് നോക്കുകയാണ്. കോടതി വിധിയെ വിമർശിക്കുന്നില്ല. എന്നാൽ പ്രശ്‌നപരിഹാരത്തിന് പകരം പുതിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കയും വന്യജീവികളുടെ സംരക്ഷണവും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാം സര്‍ക്കാര്‍ ചെയ്‌തിരുന്നു:നേരത്തെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരിക്കൊമ്പനാവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേക്ക് മാറ്റാമെന്നുമായിരുന്നു കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. എന്നാൽ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ കടുത്ത ജനരോഷമാണ് ഉയർന്നത്. കോടതി വിധി നടപ്പിലാക്കാനാകില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പറമ്പിക്കുളത്തേക്ക് മാറ്റാനും നടപടി ആരംഭിച്ചിരുന്നു. റേഡിയോ കോളർ അസമിൽ നിന്നു എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. അരിക്കൊമ്പനെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അരിക്കൊമ്പനെ കൂട്ടിലടക്കാനും പറമ്പികുളത്തേക്ക് കൊണ്ടുപോകാനും പാടില്ലെന്നാണ് കോടതി പറയുന്നതെന്നും എ.കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ.ബാബുവിന്‍റെ പുനപരിശോധന ഹർജി പരിഗണിക്കവേയാണ് കോടതി, അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും വ്യക്തമാക്കിയത്.