മധുവിന്‍റെ കുടുംബത്തെ സംബന്ധിച്ച് ആശ്വാസ വിധി; മന്ത്രി എകെ ശശീന്ദ്രൻ - AK SASEENDRAN ON MADHU MURDER CASE VERDICT
കാസർകോട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ കോടതി വിധി മധുവിന്‍റെ കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. നീതിന്യായ കോടതികൾ അതിന്‍റെ ഉത്തരവാദിത്വം നിർവ്വഹിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും ശിക്ഷ ഉണ്ടാകുമെന്നു ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ ഉന്നത തല സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നും നിഷേധാത്മകമായ നിലപാട് കോടതിയിൽ നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എകെ ശശീന്ദ്രൻ വ്യക്‌തമാക്കി. ബാലൻസ് ചെയ്‌ത് പോകണമെന്നാണ് കോടതി പറഞ്ഞത്. അതിനാൽ തന്നെ ഇരു കൂട്ടരെയും സംരക്ഷിക്കുന്ന നിലപാടുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മധു കൊല്ലപ്പെട്ട കേസിൽ 14 പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം തെളിഞ്ഞതായാണ് കോടതി നിരീക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.