കേരളം

kerala

വികാരാധീനനായി എ കെ ആന്‍റണി

ETV Bharat / videos

'അനിലിന്‍റെ തീരുമാനം വേദനാജനകം, മരണം വരെയും താൻ കോണ്‍ഗ്രസുകാരനായിരിക്കും'; വികാരാധീനനായി എ കെ ആന്‍റണി

By

Published : Apr 6, 2023, 6:37 PM IST

തിരുവനന്തപുരം: ബിജെപി അംഗത്വം എടുത്ത അനിൽ കെ ആന്‍റണിയുടെ തീരുമാനത്തോട് വൈകാരികമായി പ്രതികരിച്ച് എ കെ ആന്‍റണി. ബിജെപിയിൽ ചേരാനുള്ള മകന്‍റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അനിൽ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും ആന്‍റണി വ്യക്‌തമാക്കി.

തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് അതേക്കുറിച്ച് തനിക്ക് പറയാനുള്ളത്. ഇന്ത്യ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ആണിക്കല്ല് എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമമാണ് നടക്കുന്നത്. 

ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് അല്‍പം സാവകാശത്തിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ നാനാത്വത്തില്‍ ഏകത്വത്തിലേക്ക് എന്നതിന് പകരം ഏകത്വത്തിലേക്ക് എന്ന ഉറച്ച നടപടികളുമായി മുന്നോട്ട് പോവുകയാണ്. എല്ലാ രംഗത്തും ഏകത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. 

ഇതിന്‍റെ ഫലമെന്താണെന്നാല്‍ രാജ്യത്തിന്‍റെ ഐക്യം ദുര്‍ബലമാകുന്നു. ജനങ്ങളുടെ ഇടയില്‍ ഐക്യം ശിഥിലമാകുന്നു. സാമൂഹിക ഐക്യം ദുര്‍ബലമാകുന്നു. ഇത് ആപത്ക്കരമാണെന്നും ആന്‍റണി പറഞ്ഞു. അവസാന ശ്വാസം വരെ താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും തെറ്റായ നിലപാടിനെതിരെ ശബ്‌ദം ഉയര്‍ത്തും. അതില്‍ യാതൊരു സംശയവും വേണ്ട. 

സ്വാതന്ത്ര്യ സമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കണ്ട കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഇന്നും വിട്ടുവീഴ്‌ചയില്ലാതെ ആ കുടുംബം പോരാടുന്നുവെന്നും ആന്‍റണി വ്യക്തമാക്കി.

ALSO READ:അനില്‍ ആന്‍റണി ബിജെപിയില്‍, എകെ ആന്‍റണി അഞ്ചരയ്ക്ക് മാധ്യമങ്ങളെ കാണും

ഒരു കാലഘട്ടത്തില്‍ തന്നോടൊപ്പം വളര്‍ന്ന തലമുറയെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഇന്ദിര ഗാന്ധിയാണ്. ഒരു ഘട്ടത്തില്‍ ഇന്ദിര ഗാന്ധിയുമായി തനിക്ക് അകലേണ്ടി വന്നു. വീണ്ടും തിരികെയെത്തിയപ്പോള്‍ ഇന്ദിര ഗാന്ധിയോടും ആ കുടുംബത്തോടും മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആദരവും സ്‌നേഹവും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആ കുടുംബം ഇന്നുമുണ്ട്. 

താന്‍ എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമാണ്. തന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളാണിത്. വയസ് 82 ആയി. എത്രകാലം ഇനി ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ താത്‌പര്യമില്ല. എത്രകാലം ജീവിച്ചാലും താന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനായിട്ടായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ:സ്ഥാപക ദിനത്തില്‍ ബിജെപിക്ക് ലോട്ടറി ; കോണ്‍ഗ്രസിന് ഹൈവോള്‍ട്ടേജ് ഷോക്കേല്‍പ്പിച്ച് അനില്‍ ആന്‍റണി

ഇന്ന് വൈകുന്നേരമാണ് അനിൽ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് അനില്‍ കെ ആന്‍റണിക്ക് ബിജെപി അംഗത്വം നൽകിയത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും അനിൽ ആന്‍റണിക്കൊപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details