കേരളം

kerala

chandy-oommen-s-victory-a-k-antony-s-reaction

ETV Bharat / videos

AK Antony On Puthuppally Bypoll Result | ചാണ്ടി ഉമ്മന്‍റെ വിജയം ഉമ്മൻചാണ്ടിയോട് ക്രൂരത കാണിച്ചവർക്കുള്ള ജനകീയ കോടതിയുടെ ശിക്ഷ : എകെ ആന്‍റണി - എ കെ ആന്‍റണിയുടെ പ്രതികരണം

By ETV Bharat Kerala Team

Published : Sep 8, 2023, 2:32 PM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്‍റെ (Chandy Oommen) അതിശയകരമായ ഭൂരിപക്ഷവും ഇടതുപക്ഷ സ്ഥാനാർഥിയുടെ പരമ ദയനീയ പരാജയവുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി (AK Antony On Puthuppally Bypoll Result). ഉമ്മൻചാണ്ടിയോട് ചെയ്‌ത എല്ലാ തെറ്റിനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽ ഇനി മാപ്പ് എന്ന വാക്കുണ്ടാകണമെന്നും എ.കെ ആന്‍റണി (AK Antony) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുകാർക്കും കോൺഗ്രസുകാർക്കും മാത്രമല്ല മാർക്സിസ്റ്റ് അണികളില്‍ പോലും അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സാങ്കേതിക ഭൂരിപക്ഷം കൊണ്ടാണ് പിണറായി സർക്കാർ നിലനിൽക്കുന്നത്. ജനങ്ങളെ കണ്ണീര് കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാരിനോടുള്ള എതിർപ്പ് കൂടി ഈ ജനവിധിയിൽ കാണാം. സർക്കാരിന്‍റെ ജനപിന്തുണ പൂർണമായും നഷ്‌ടമായി. പിണറായി സർക്കാരിന്‍റെ ജനകീയ അടിത്തറ തകർന്നു. ജനപിന്തുണ നഷ്‌ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സർക്കാരും മന്ത്രിമാരും മനസ്സിലാക്കണം. ഇനിയെങ്കിലും ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ തെറ്റ് തിരുത്താൻ തയ്യാറാകണം. പുതുപ്പള്ളിയിലേത് പ്രതീക്ഷിച്ച മുന്നേറ്റമാണ്. ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചവരോട് പുതുപ്പള്ളിക്കാരുടെ മനസ്സിലുള്ള പ്രതികാര ചിന്ത താൻ നേരിട്ട് മനസ്സിലാക്കിയതാണ്. വോട്ടെണ്ണിക്കഴിഞ്ഞ് ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കേൾക്കുമ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ ഞെട്ടി വിറയ്‌ക്കുമെന്നും അവർക്ക് ബോധക്കേട് ഉണ്ടാകുമെന്നും താൻ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയെ എത്ര പൈശാചികമായാണ് ആക്ഷേപിച്ചതും വേദനിപ്പിച്ചതും. ഉമ്മൻചാണ്ടിയും കുടുംബവും എത്ര ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയി കാണും. അതിനുള്ള മറുപടി നൽകാൻ പുതുപ്പള്ളിക്കാർ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യ കരഞ്ഞ് കണ്ണുനീർ തീർന്നുകാണും. അത്രയ്ക്ക് ആ കുടുംബത്തെ വേദനിപ്പിച്ചു. മരിക്കും മുൻപ് ഉമ്മൻചാണ്ടി അഗ്നിശുദ്ധി വരുത്തി. സി ദിവാകരൻ തന്നെ ഉമ്മൻചാണ്ടി വേട്ടയാടുന്നുവെന്ന് തുറന്നുപറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനുള്ളതാണ്. കേരളം സമ്പൂർണമായി യുഡിഎഫിനൊപ്പം നിൽക്കും. സിപിഎമ്മിന്‍റെ എംപിമാർ പോയാൽ വിശാലമായ മതേതര മുന്നണി ഉണ്ടാക്കുന്നതിന് ഇടംകോലിടുകയേ ഉള്ളൂ. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details