കെപിസിസിയിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടെന്ന് എം എം ഹസന്‍ ; പ്രഥമ തലേക്കുന്നിൽ ബഷീര്‍ പുരസ്‌കാരം ടി പത്മനാഭന് - പ്രഥമ തലേക്കുന്നിൽ അവാർഡ്
തിരുവനന്തപുരം :കേരള കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി(കെപിസിസി)യിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുണ്ടെന്നും എല്ലാം ഉടന്‍ പരിഹരിക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ. തലേക്കുന്നില്‍ ബഷീർ സ്‌മാരക സാംസ്‌കാരിക കേന്ദ്രത്തിന്‍റെ രൂപീകരണവും അവാർഡ് വിതരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളിൽ ഹൈക്കമാന്‍ഡിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. മറ്റൊരു അവസരത്തിൽ കൂടുതൽ വിശദമായി സംസാരിക്കാമെന്നും എം എം ഹസന്‍ പറഞ്ഞു.
പുരസ്‌കാരം ടി പത്മനാഭന് : പ്രഥമ തലേക്കുന്നിൽ അവാർഡ് കഥാകൃത്ത് ടി പത്മനാഭന് നല്‍കും. മാർച്ച് 25ന് രാവിലെ 10:30 ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന തലേക്കുന്നിൽ ബഷീർ അനുസ്‌മരണ ചടങ്ങിൽ അവാർഡ് ടി പത്മനാഭന് സമ്മാനിക്കും.
തലേക്കുന്നിൽ ബഷീറിന്‍റെ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റ സ്വപ്‌നങ്ങൾ യഥാർഥ്യമാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്‍ററിന്‍റെ അഭിമുഖ്യത്തിൽ നല്‍കുന്ന അവാർഡിൽ 25,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്‌ത പ്രശസ്‌തി പത്രവും ഉൾപ്പെടുന്നു. എല്ലാ വർഷവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ മേഖലകളിലെ പ്രഗത്ഭർക്ക് അവാർഡ് നല്‍കും.
ചെറുകഥ പ്രസ്ഥാനത്തിലെ പ്രസാദാത്‌മക സാന്നിധ്യം : എല്ലാ വർഷവും മാർച്ച് 25നാണ് അവാർഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മലയാള ചെറുകഥ പ്രസ്ഥാനത്തിലെ പ്രസാദാത്മക സാന്നിധ്യമാണ് ടി പത്മനാഭൻ എന്നും ചെറുകഥാ ശാഖയിൽ അദ്ദേഹം നടത്തിയ ഇടപെടൽ ആ മേഖലയെ കൂടുതൽ സജീവമാക്കി എന്ന വിലയിരുത്തലിലുമാണ് ടി പത്മനാഭന് അവാർഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും എം എം ഹസൻ പറഞ്ഞു.
തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിലാകും തലേക്കുന്നിൽ ബഷീർ സ്‌മാരക സാംസ്‌കാരിക കേന്ദ്രം പ്രവർത്തിക്കുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസന്‍, കൊടിക്കുന്നിൽ സുരേഷ് എം പി, പാലോട് രവി, അടൂർ പ്രകാശ് എം പി, ഡോ. ജാൻസി ജെയിംസ്, ഡോ. ജോർജ് ഓണക്കൂർ, ഡോ. കെ ഓമനക്കുട്ടി, സൂര്യ കൃഷ്ണമൂർത്തി, ഡോ. സഹദുള്ള, ഡോ. എം ആർ തമ്പാൻ, ചെറിയാൻ ഫിലിപ്പ്, എം എസ് ഫൈസൽ ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തലേക്കുന്നിൽ ബഷീറിന്‍റെ ജന്മനാടായ വെഞ്ഞാറമ്മൂടില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സമ്മേളനം മാർച്ച് 16ന് വൈകിട്ട് 4:30ന് ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി എ കെ ആന്‍റണി നിർവഹിക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ലോഗോ പ്രകാശനം ചെയ്യും. വെഞ്ഞാറമ്മൂടിലെ സാംസ്‌കാരിക കേന്ദ്രത്തിലും സ്‌മരണാര്‍ഥം സമ്മേളനം നടക്കും. വെഞ്ഞാറമ്മൂടില്‍ നടക്കുന്ന ചടങ്ങ് വി എം സുധീരൻ ഉദ്ഘാടനം ചെയ്യും.