കേരളം

kerala

എഐ ക്യാമറ പദ്ധതി വിവാദം

ETV Bharat / videos

എഐ ക്യാമറ പദ്ധതി വിവാദം: കെൽട്രോണില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന - കെൽട്രോൺ

By

Published : May 8, 2023, 3:47 PM IST

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽട്രോൺ) ആദായ നികുതി വകുപ്പിൻ്റെ പരിശോധന. എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ, ഉപകരാർ സംബന്ധിച്ച് എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നാണ് സൂചന. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നും സൂചനയുണ്ട്. 

കരാർ - ഉപകരാർ ഇടപാടിൽ ടിഡിഎസ് പിടിച്ചിട്ടുണ്ടോ, അത് കൃത്യമായി സർക്കാരിലേക്ക് എത്തിയോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നതായാണ് വിവരം. ഇന്ന് രാവിലെ 10.15ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പിലെ 10 ഉദ്യോഗസ്ഥരാണ് വെള്ളയമ്പലത്തെ കെൽട്രോൺ ഓഫിസിൽ പരിശോധന നടത്തുന്നത്. അതേസമയം, പരിശോധനയ്ക്ക് എഐ ക്യാമറ വിവാദവുമായി ബന്ധമില്ലെന്നും സാധാരണ നിലയിൽ നടക്കുന്ന പരിശോധന മാത്രമാണിതെന്നുമാണ് കെൽട്രോൺ അധികൃതരുടെ വാദം. 

ജിഎസ്‌ടി അടച്ച കണക്കുകൾ സംബന്ധിച്ചും നികുതി ഇടപാടുകളെക്കുറിച്ചുമാണ് പരിശോധന നടക്കുന്നതെന്നാണ് കെൽട്രോൺ അധികൃതർ പറയുന്നത്. എന്നാൽ, എഐ ക്യാമറ പദ്ധതിയുടെ കരാർ ഉപകരാർ സംബന്ധിച്ച് പ്രതിപക്ഷം അഴിമതി ആരോപണം നിരന്തരം ഉന്നയിക്കുന്നതിനിടെയിലാണ് കെൽട്രോണിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നത്. അതേസമയം, എഐ ക്യാമറയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷുഭിതനായി. 

ആരോപണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. സ്വർണക്കടത്ത് ആരോപണം പോലെ തെളിവില്ലാതെ ഇതും അവസാനിക്കും. ശുദ്ധ അസംബന്ധം ഉന്നയിച്ചിട്ട് അതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. അസംബന്ധങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകേണ്ട ആവശ്യമില്ല. തോന്നിവാസം പറഞ്ഞ ശേഷം മറുപടി ആവശ്യപ്പെടുകയാണെന്നും പാർട്ടി സെക്രട്ടറി കുറ്റപ്പെടുത്തി. 

ABOUT THE AUTHOR

...view details