യോഗ്യതയുള്ള ആളെ കിട്ടാനില്ലെന്ന്, സുരക്ഷയില്ലാതെ അഗളി സർക്കാർ ആശുപത്രി: ഭീതിയോടെ രാത്രി ജോലി
പാലക്കാട്: ഡോക്‌ടർമാരടക്കം ആശുപത്രി ജീവനക്കാർക്കെതിരെ അതിക്രമം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാത്രിയും പകലും ഭീതിയോടെ ജോലി ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രം (സിഎച്ച്സി) ജീവനക്കാർ. ഒന്നര വർഷം മുൻപ് പ്രായം കൂടിയെന്ന കാരണം പറഞ്ഞ് അന്നുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനെ പിരിച്ച് വിട്ടു. ശേഷം അഭിമുഖം നടത്തി രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചെങ്കിലും ശമ്പളം തികയുന്നില്ലെന്ന കാരണം പറഞ്ഞ് രണ്ട് പേരും പിരിഞ്ഞ് പോയി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിൽ മൂന്ന് സുരക്ഷ ജീവനക്കാർ വേണ്ട സ്ഥലത്ത് ഒരു സുരക്ഷ ജീവനക്കാരനെ നിയമിക്കാൻ എട്ട് മാസം മുൻപ് അഭിമുഖം നടത്തിയിരുന്നു. അഭിമുഖം നടത്തിയതല്ലാതെ ആരെയും നിയമിച്ചില്ല.
ആറ് ഡോക്‌ടർമാർ, 18 നേഴ്‌സുമാർ, 7 മറ്റു തസ്‌തികളിലെ ജീവനക്കാരുമാണ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. പല ദിവസങ്ങളിലും വനിത ജീവനക്കാരായിരിക്കും രാത്രിയിൽ ഡ്യൂട്ടിക്കായി ഉണ്ടാവുക. രണ്ട് ദിവസം മുൻപ് മാനസിക നില തെറ്റിയെ ഓരാൾ ചികിത്സ നൽകണമെന്നും, ആശുപത്രിയിൽ കിടത്തി ചികിത്സക്കായി പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് നേഴ്‌സ് പറഞ്ഞതോടെ ഇയാൾ ബഹളം വെച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അഗളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പക്ഷേ പൊലീസ് എത്തുന്നതിന് മുൻപ് ഇയാളെ കാണാതായി. പിന്നീട് രാവിലെ ആശുപത്രിയിലെ വനിത ഡോക്‌ടറുടെ വിശ്രമ മുറിയുടെ സമീപത്ത് ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്. സുരക്ഷ ജീവനക്കാരില്ലാത്ത കാര്യം ബ്ലോക്ക് പഞ്ചായത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അഭിമുഖം നടത്തിയെങ്കിലും സുരക്ഷ ജീവനക്കാരന് ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുത്തില്ലെന്ന നിലപാടിലാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ.