വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 'സുരക്ഷ ശക്തം, രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതം': എഡിജിപി
Published : Nov 9, 2023, 1:11 PM IST
വയനാട് :മാവോയിസ്റ്റുകള്‍ക്കായി ജില്ലയില്‍ തെരച്ചില്‍ കൂടുതല്‍ ശക്തമാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഒരാള്‍ സുന്ദരിയെന്നയാളാണെന്നും മറ്റെയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു (ADGP MR Ajith Kumar). വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി (Gunfights Between Maoist And Police). ഓപ്പറേഷനില്‍ കസ്റ്റഡിയിലെടുത്തവര്‍ക്കോ ഓടി രക്ഷപ്പെട്ടവര്‍ക്കോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിന്‍റെ കൈയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് (Maoist In Wayanad). പല ജില്ലകളിലായി അടുത്തിടെ മാവോയിസ്റ്റുകളുടെ സ്വാധീനം ഉണ്ടാകുന്നുണ്ട്. അവര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മേഖലയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് (നവംബര്‍ 8) പേരിയയില്‍ മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും രണ്ട് പേര്‍ പിടിയിലാകുകയും ചെയ്‌തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിന് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു. ഇതോടെ പൊലീസ് സംഘം തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ വയനാട് സ്വദേശി ചന്ദ്രു, കര്‍ണാടക സ്വദേശിയായ ഉണ്ണിമായ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് (Wayanad Maoist Attack).