കൊല്ലം സുധിയുടെ സംസ്‌കാരം കോട്ടയത്ത് നടന്നു, അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി
കോട്ടയം:വാഹനാപകടത്തിൽ മരിച്ച പ്രശസ്‌ത മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് കോട്ടയത്ത് നടന്നു. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. മിമിക്രി കലാകാരന്മാരും ടിവി ചാനൽ ഷോകളിൽ സുധിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളും ഉള്‍പ്പെടെ വൻ ജനാവലിയാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.
രാവിലെ എട്ടരയോടെയാണ് പുതുപ്പള്ളി ഞാലിയകുഴി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ഇളയ മകൻ പഠിക്കുന്ന പൊങ്ങന്താനം യുപി സ്‌കൂളിലും സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിലും പൊതു ദർശനം നടന്നു.
തിങ്കളാഴ്‌ച പുലര്‍ച്ചെ തൃശൂര്‍ കയ്‌പമംഗലത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ വിയോഗം. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറില്‍ നടനൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
മിമിക്രി ആര്‍ട്ടിസ്റ്റായി ശ്രദ്ധേയനായ ശേഷമാണ് കൊല്ലം സുധി സിനിമയിലും തിളങ്ങിയത്. 2015ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്‍റെ നാഥന്‍ ഉള്‍പ്പെടെയുളള സിനിമകളില്‍ അഭിനയിച്ചു. ജനപ്രിയ ടിവി പരിപാടികളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരനായിരുന്നു കൊല്ലം സുധി.