കണ്ണൂരില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കും പൊള്ളലേറ്റു, പ്രതി പിടിയില്‍ - സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ
കണ്ണൂര്‍:തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി കെ.ഷാഹിദയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫ്, പത്രവിതരണക്കാരനായ ജബ്ബാർ എന്നിവർക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു.
സംഭവത്തിൽ സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ മുതുകുടയിലെ അഷ്കറിനെ പൊലീസ് പിടികൂടി. തിങ്കളാഴ്ച്ച വൈകിട്ട് ആറേ കാലോടെയാണ് ഷാഹിദക്ക് നേരെ ആസിഡ് അക്രമണമുണ്ടായത്. മുൻസിഫ് കോടതിയിലെ ടൈപ്പിസ്‌റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവർത്തകർ മജിസ്ട്രേറ്റ് കോടതിയിലെ ഓഫിസ് അസിസ്‌റ്റന്‍റ് പ്രവീൺ ജോസഫിനോടൊപ്പം ബസ് സ്‌റ്റാൻഡിലേക്ക് വരികയായിരുന്നു. ന്യൂസ് കോർണർ ജങ്‌ഷനിലെത്തുമ്പോള്‍ അഷ്‌കർ കൈയിൽ കരുതിയ ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഷാഹിദ ബഹളം വച്ചതോടെ നാട്ടുകാർ അഷ്ക്കറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഷാഹിദയുടെ കൂടെയുണ്ടായിരുന്ന പ്രവീൺ ജോസഫിന്‍റെ കാലിനും, സമീപത്ത് സായാഹ്ന പത്രം വിൽക്കുകയായിരുന്ന ജബ്ബാർ എന്ന യുവാവിനും പൊള്ളലേറ്റു. ഷാഹിദയുടെ മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമെല്ലാം പൊളളലേറ്റിട്ടുണ്ട്. സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരനായ അഷ്കർ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണത്തില്‍ പരിക്കേറ്റ ഷാഹിദയെ കണ്ണൂര്‍ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി.