'സജീവ രാഷ്‌ട്രീയത്തിലേക്കില്ല, ചാണ്ടി ഉമ്മൻ യോഗ്യൻ'; സ്ഥാനാർഥി ചർച്ചകൾ നേരത്തെയായിപ്പോയെന്ന് അച്ചു ഉമ്മൻ - Puthuppally by election
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ അച്ചു ഉമ്മൻ, രാഷ്‌ട്രീയ പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ താൽപര്യമില്ലെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന ലേബലിൽ ജീവിക്കാനാണ് താൽപര്യമെന്നും വ്യക്‌തമാക്കി. അതേസമയം പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ വളരെ നേരത്തെയായിപ്പോയി എന്നും അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്‌തത വരുത്താനാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്നും അവര്‍ പറഞ്ഞു. പുതുപ്പള്ളിയിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ യോഗ്യനായ സ്ഥാനാർഥിയാണ്. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാർട്ടിയാണ്. പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് മതി എന്ന് കോൺഗ്രസ് പാർട്ടി തീരുമാനിച്ചാൽ അത് കുടുംബത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. 53 കൊല്ലം പുതുപ്പള്ളിയിലെ എംഎൽഎ ആയിരുന്ന വ്യക്‌തിയായിരുന്നു ഉമ്മൻ ചാണ്ടി. കുടുംബക്കാരെപ്പോലെ തന്നെ പുതുപ്പള്ളിയിലെ ഓരോ വ്യക്‌തികൾക്കും ഉമ്മൻ ചാണ്ടിയെ നന്നായി അറിയാം. പുതുപ്പള്ളിയിൽ പാർട്ടി തെരഞ്ഞെടുക്കുന്ന ആരായാലും ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ആൾ ആയിരിക്കുമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.