'ട്രെയിനിന് തീവച്ചത് ബംഗാൾ സ്വദേശി തന്നെ'; പ്രതിക്ക് മാനസിക സമ്മർദമുണ്ടായിരുന്നതായി ഉത്തര മേഖല ഐജി
കണ്ണൂർ :കണ്ണൂരിൽ ട്രെയിനിൽ തീവച്ചത് പൊലീസിന്‍റെ കസ്റ്റഡിയിലൂള്ള പശ്ചിമബംഗാൾ സ്വദേശി പ്രസോൺജിത്ത് സിക്‌ദർ തന്നെയാണെന്ന് സ്ഥിരീകരണം. ഉത്തര മേഖല ഐജി നീരജ്‌കുമാർ ഗുപ്‌തയാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി ആരെന്ന കാര്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായത്.
എങ്കിലും പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടില്ല. ഭിക്ഷാടനം നടത്തി ജീവിക്കുന്നയാളാണ് പ്രതിയെന്നും മൂന്ന് ദിവസം മുൻപാണ് ഇയാൾ തലശേരിയിലെത്തിയതെന്നും ഐജി വ്യക്തമാക്കി. തലശേരിയിൽ നിന്ന് കാൽനടയായണ് പ്രതി കണ്ണൂരിലെത്തിയത്. കയ്യിൽ പണമില്ലാത്തതിന്‍റെ മാനസിക പ്രശ്‌നമുണ്ടായിരുന്നു. ഇതാണ് തീവയ്പ്പ് നടത്താനുള്ള കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കണ്ണൂരിലെ ട്രെയിൻ തീവയ്‌പ്പ് എലത്തൂർ ട്രെയിൻ തീവയ്‌പ്പുമായി ബന്ധമില്ലെന്നും കയ്യിലെ തീപ്പെട്ടി കൊണ്ടാണ് പ്രതി തീവെച്ചതെന്നും ഐജി വ്യക്തമാക്കി. മറ്റ് ഉദ്ദേശ്യങ്ങളുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളു എന്നും നീരജ് കുമാർ ഗുപ്‌ത വിശദീകരിച്ചു.
ആദ്യമായാണ് പ്രതി കണ്ണൂരിൽ എത്തുന്നത്. ഇതിന് മുൻപ് കേരളത്തിൽ എത്തിയത് ഒരു തവണ മാത്രമാണെന്നും ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപ് കണ്ണൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തീവച്ചത് ഇയാളാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഐജിയുടെ മറുപടി.
ഉത്തരമേഖല ഐജി, കണ്ണൂർ ടൗൺ എസിപി രത്നകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസിൽ കൂടുതൽ അന്വേഷണം നടത്തുക. കോടതിയിൽ ഹാജരാക്കിയ ശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്നിന് പുലർച്ചെ 1.30നാണ് കണ്ണൂരിൽ ട്രെയിനിനെ അഗ്നിക്കിരയാക്കിയത്. ബുധനാഴ്‌ച രാത്രി 11:45ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിനാണ് തീവച്ചത്. യാത്രക്കാരെ ഇറക്കി രണ്ട് മണിക്കൂറിനുള്ളിലാണ് തീപ്പിടിത്തം ഉണ്ടായത്. ട്രെയിന്‍റെ പിറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിക്കാണ് തീപ്പിടിച്ചത്.
സമീപത്തെ ബിപിസിഎൽ പെട്രോൾ സംഭരണ ശാലയിലെ സിസിടിവി ദൃശ്യം കേന്ദ്രികരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ഒടുവിൽ ഇന്നലെ ഉച്ചയോടെ പ്രസോൺജിത്ത് സിക്‌ദറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രെയിനിന് തീപ്പിടിക്കുന്നതിന് മുൻപ് ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സമീപത്തുള്ള കെസിപിഎൽ ജീവനക്കാർ മൊഴി നൽകിയിരുന്നു.
കൂടാതെ ഇവിടുത്തെ സിസിടിവി ദൃശ്യവും നിർണായകമായി. അതേസമയം സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങൾ എൻഐഎയും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എൻഐഎ സംഘം കണ്ണൂരിലെത്തി പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
കേസിന്‍റെ തീവ്രത കണക്കിലെടുത്ത് ആർപിഎഫ് ഡിഐജി സന്തോഷ് എൻ ചന്ദ്രനും സ്ഥലം സന്ദർശിച്ചിരുന്നു. ദൗർഭാഗ്യകരമായ സംഭവം എന്ന് വ്യക്‌തമാക്കിയ ആദ്ദേഹം എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിവിഷന് കീഴിൽ ആർപിഎഫ് സുരക്ഷ ശക്തമാക്കിയിരുന്നതായും സൂചിപ്പിച്ചിരുന്നു.