ഉത്സവ ആഘോഷത്തിനിടെ പൊലീസുകാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍
കൊല്ലം: പത്തനാപുരത്ത് ഉത്സവ ആഘോഷത്തിനിടെ പൊലീസുകാരെ വളഞ്ഞു വച്ച് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പിറവന്തൂർ ശാസ്‌താംപടിക്കൽ ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പുനലൂർ സ്‌റ്റേഷനിലെ പൊലീസുകാരെ തല്ലിച്ചതച്ചത്. ചെണ്ട മേളം അവസാനിപ്പിക്കാൻ പറഞ്ഞതിന്‍റെ പേരിലായിരുന്നു പൊലീസുകാരെ വളഞ്ഞിട്ട് മർദിച്ചത്.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ഉത്സവത്തിനെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുമായി വാക്കേറ്റമുണ്ടായി. ഇവരെ തുരത്തിയൊടിക്കാൻ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് യുവാക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങിലൂടെ യുവാക്കൾ തന്നെ പ്രചരിപ്പിച്ചു.
കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലായിരുന്നു. അതിൽ മൂന്ന് പേരാണ് ഇപ്പോൾ പിടിയിലായത്.
പിറവന്തൂർ സ്വദേശികളായ അജീഷ്, സാദിഖ്, റഹീം എന്നിവർ അറസ്‌റ്റിലായി, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, നിയമ പാലകരെ ഭീഷണിപ്പെടുത്തൽ, അക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേലെ ചുമത്തിയത്.
അതേസമയം, പത്തനംതിട്ടയില്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ വിപ്ലവ ഗാനം പാടാത്തതില്‍ സ്‌റ്റേജിന്‍റെ കര്‍ട്ടണ്‍ സിപിഎം പ്രവര്‍ത്തകര്‍ വലിച്ചുകീറിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വേദിയില്‍ ആര്‍എസ്‌എസിന്‍റെ ഗണഗീതം പാടിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തുടര്‍ന്ന്, ബലികൂടീരങ്ങളെ കൂടി പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് ഗായകര്‍ തയ്യാറാകാതെ വന്നതോടെയാണ് വാക്കേറ്റമുണ്ടായതും കര്‍ട്ടണ്‍ വലിച്ചുകീറിയതും.