'വീണിതല്ലോ കിടക്കുന്നു ധരണിയിൽ', കർണാടകയിലെ കോൺഗ്രസിന്‍റെ വിജയം മോദി ഭരണത്തിനെതിരായ രാജ്യത്തിനുള്ള സന്ദേശം: എകെ ആന്‍റണി - കർണാടക വിജയത്തിൽ എ കെ ആന്‍റണി
തിരുവനന്തപുരം : 'വീണിതല്ലോ കിടക്കുന്നു ധരണിയിൽ'... എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ മോദി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നത് ഇന്ത്യയ്‌ക്ക് ആകെയുള്ള സന്ദേശമാണെന്നും എകെ ആന്‍റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിനുണ്ടായ ചരിത്ര വിജയം ഇന്ത്യയ്‌ക്കാകെയുള്ള സന്ദേശമാണ്. വെറുപ്പിൻ്റെ രാഷ്‌ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര ജയവും പ്രതികാര രാഷ്‌ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയുമാണിത്.
തിരിച്ചടികളുടെ പരമ്പര ഇനിയുമുണ്ടാകും. ഇത് മുന്നോട്ട് കൊണ്ട് പോയാൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബഹുസ്വരതയിലും മതേതരത്തിലുമുള്ള സർക്കാർ രൂപീകരിക്കാം. ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർക്കാനാവില്ല. പ്രധാനമന്ത്രിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ല.
കർണാടക തുടക്കം മാത്രമാണ്. പ്രധാനമന്ത്രിയും കോൺഗ്രസും തമ്മിലുള്ള മത്സരം ആയിരുന്നു ഇത്. അനിൽ ആന്‍റണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ താൻ കോൺഗ്രസ് നേതാവ് ആണെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയം കെഎസ്‌യു പ്രവർത്തകർ കനകക്കുന്നിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.