ഭൂമി കച്ചവടത്തിന്‍റെ മറവില്‍ വ്യാപാരിയുടെ ലക്ഷങ്ങൾ കവർന്നു; മൂന്നാറിൽ രണ്ടുപേർ പിടിയിൽ - ഇടുക്കി വാർത്തകൾ
Published : Jan 1, 2024, 10:21 PM IST
ഇടുക്കി: മറയൂരിൽ ഒന്നരകോടി രൂപക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപയടങ്ങിയ ബാഗ് കവർന്ന രണ്ടു പേർ പിടിയിലായി. ആനച്ചാൽ മന്നാക്കുടി സ്വദേശികളായ ശിഹാബ്, ഷിബു എന്നിവരാണ് മൂന്നാർ പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്. പ്രതികള്‍ മനുവിനെ മറയൂരിൽ ഒന്നരകോടി രൂപയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഭൂമി വാങ്ങുന്നതിന് ഷിഹാബായിരുന്നു ഇടനിലക്കാരൻ. തുടർന്ന് സ്ഥലത്തിന് അഡ്വാൻസ് തുക നൽകാൻ മനുവിനെ പള്ളിവാസലിലുള്ള മുസ്ലിം പള്ളിക്ക് സമിപം ശിഹാബ് വിളിച്ചു വരുത്തി. നടക്കുന്നതിനിടെ ഷിഹാബും സുഹൃത്ത് ഷിബുവും മനുവിന്‍റെ കയ്യിൽ നിന്ന് എട്ട് ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ടീ പ്ലാന്‍റേഷനിലേക്ക് ഓടുകയായിരുന്നു. സംഭവത്തെ
തുടർന്ന് മനു മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. മൂന്നാർ സിഐയുടെ നിർദ്ദേശ പ്രകാരം മൂന്നാർ എസ്ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണത്തിൽ ഉദുമൽപേട്ടയിലെ ബസ് സ്‌റ്റാൻഡിൽ നിന്ന് രണ്ട് പേരെയും പിടികുടുകയായിരുന്നു. പ്രതികൾ കുറച്ച് പണം ചെലവഴിക്കുകയും, ബാക്കിയുള്ള രൂപ വീട് പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.