ലോക സിനിമ തിരുവനന്തപുരത്തേക്ക്; ഐഎഫ്‌എഫ്‌കെ 28 ന് ഡിസംബര്‍ 8 ന് തിരിതെളിയും
Published : Dec 6, 2023, 8:53 PM IST
|Updated : Dec 6, 2023, 10:55 PM IST
തിരുവനന്തപുരം: ഒരാഴ്‌ചക്കാലം ഇനി തലസ്ഥാന നഗരിയിൽ സിനിമയുടെ വസന്തകാലം (International Film Festival of Kerala). ഡിസംബർ 8 വൈകിട്ട് 6 ന് നിശാഗന്ധിയിൽ 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഔദ്യോഗികമായി തിരിതെളിയും (IFFK curtain raiser). പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ ഡെലിഗേറ്റ് പാസ്സ് വിതരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു (delegate pass iffk). സംവിധായകൻ ശ്യാമ പ്രസാദ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോയ്ഷ്യസിന് (Vincy Aloshious) കൈമാറിയാണ് ഡെലിഗേറ്റ് പാസ്സ് വിതരണം ആരംഭിച്ചത്. ആർട്ടിസ്റ്റിക് ഡയറക്‌ടർക്ക് പകരം ഇത്തവണ ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലം ക്യൂറേറ്ററായി പ്രവർത്തിക്കും. ആദ്യ ദിനം നവാഗത സുഡാനിയൻ സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ "ഗുഡ്ബൈ ജൂലിയ" പ്രദർശിപ്പിക്കും. സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് കെനിയൻ സംവിധായിക വനൂരി കഹിയുവിന് ഉദ്ഘാടന ചടങ്ങിൽ കൈമാറും. ഉദ്ഘാടന ചിത്രം ഉൾപ്പെടെ 20 ഓളം വിഭാഗങ്ങളിലായി 180 ലേറെ സിനിമകളാണ് ഇത്തവണ മേളയിലെത്തുന്നത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളാണ് എത്തുന്നതെങ്കിലും. ഏഷ്യൻ ആഫ്രിക്കൻ സിനിമകളാണ് ഇത്തവണ മേളയിൽ കൂടുതലായി പ്രദർശിപ്പിക്കുന്നത്. നഗരത്തിലെ 15 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇതിൽ 14 എണ്ണത്തിൽ പൊതുജനങ്ങൾക്കായുള്ള പ്രദർശനവും ഒരെണ്ണത്തിൽ ജൂറിക്കുള്ള പ്രദർശനവും നടക്കും. 8488 സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. എന്നാൽ 500 ലധികം സ്റ്റുഡന്‍റ് ഡെലിഗേറ്റുകൾ ഇതിന് പുറമെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജി എസ് ടി ഉൾപ്പെടെ 1180 രൂപയാണ് ഇത്തവണ ഡെലിഗേറ്റ് ഫീസ്, വിദ്യാർത്ഥികൾക്ക് 590 രൂപയാണ് ഫീസ്. വൻ ജനപങ്കാളിത്തമാണ് മേളയുടെ ഭാഗമായി ഇത്തവണ സംഘാടകർ പ്രതീക്ഷിക്കുന്നത്. മേളയിൽ കഴിഞ്ഞ തവണത്തെ പോലെ ബസിന്‍റെ സൗജന്യ സർവീസ് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ കെഎസ്ആർടിസിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ശബരിമല സീസണായതിനാൽ ബസുകൾ അനുവദിക്കുന്ന കാര്യത്തിൽ കെഎസ്ആർടിസി വ്യക്തത നൽകിയിട്ടില്ല.