വാകപൂത്ത വഴിയേ..., ചുവന്നുവിടര്‍ന്ന് ഗുല്‍മോഹര്‍
കോഴിക്കോട്: പൂക്കുന്ന കാലത്ത് ഇലകളെ മറയ്‌ക്കുന്ന ചുവപ്പാണ് വാകമരം എന്നറിയപ്പെടുന്ന ഗുല്‍മോഹറിന്.... ചുട്ടുപൊള്ളുന്ന ചൂടിലും കണ്ണിന് നിറം പകര്‍ന്ന് മനോഹര കാഴ്ചയൊരുക്കി ഗുല്‍മോഹര്‍ പാതയോരങ്ങളെ വര്‍ണാഭമാക്കുന്നു. നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ദേശീയപാതയോരങ്ങളിലുമെല്ലാം ചുവപ്പ് പടര്‍ത്തുകയാണ് വാകപ്പൂ... കാമ്പസുകളിലും നാട്ടിടവഴികളിലും നഗരങ്ങളിലും നിലയുറപ്പിച്ച ഗുല്‍മോഹറിന്‍റെ വര്‍ണചാരുതയ്ക്ക് ഇക്കൊല്ലത്തെ കടുത്ത വേനലിലും കുറവുണ്ടായില്ല... മഴക്കാലമെത്തുന്നതോടെ കൊഴിഞ്ഞുതുടങ്ങുന്ന ഗുല്‍മോഹറിന് കനത്ത വേനലാണ് അനുയോജ്യ കാലാവസ്ഥ. ഏപ്രില്‍ പകുതിയിലും മേയിലുമാണ് ഇവ കൂടുതലായും പൂക്കുക. അതിനാല്‍ ഗുല്‍മോഹറിനെ മേയ് മാസപ്പൂവെന്നും വിളിക്കാറുണ്ട്. വേനലില്‍ പൂമരങ്ങളും പുല്‍നാമ്പുകളും കൊഴിഞ്ഞ് വാടുമ്പോഴും പ്രതിരോധത്താല്‍ വസന്തത്തെ ശിഖരങ്ങളില്‍ പടര്‍ത്തി വഴിയോരങ്ങളില്‍ ഗുല്‍മോഹര്‍ നയനമനോഹര കാഴ്ചയാകുന്നു. അലസിപ്പൂമരം എന്നും ഗുൽമോഹറിന് വിളിപ്പേരുണ്ട്. സിഡാന്‍ പിനിയേഴ്‌സ് എന്ന സസ്യ കുടുംബത്തില്‍പ്പെട്ട ഗുല്‍മോഹറിന്റെ ശാസ്ത്രീയ നാമം ഡിലോണിക്‌സ് റിജിയ എന്നാണ്. പത്ത് മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. തണലിനായി മഡഗാസ്‌കറില്‍ നിന്ന് നൂറ് വര്‍ഷം മുമ്പാണ് ഗുല്‍മോഹര്‍ ഇന്ത്യയിലെത്തിച്ചത്. ചുവപ്പ്, വയലറ്റ്, മഞ്ഞ തുടങ്ങി പ്രധാനമായും മൂന്ന് തരം ഗുല്‍മോഹര്‍ മരങ്ങളാണുള്ളത്. പൂമരം എന്നതിലുപരി തണല്‍ മരമായാണ് ഇവയെ പാതയോരങ്ങളില്‍ നടുന്നത്.