നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി - വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി
എറണാകുളം: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ഐശ്വര്യയെ താലിചാർത്തി ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. കോതമംഗലം സ്വദേശിയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ അത്തിപ്പിള്ളിൽ വിനയൻ-ശോഭ ദമ്പതികളുടെ മകളാണ് ഐശ്വര്യ. 2003ല്‍ പുറത്തിറങ്ങിയ എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും വിഷ്ണുവായിരുന്നു. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്‍റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമാ രംഗത്ത് നിന്നും നിരവധിപേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.