കേരളം

kerala

Communist Symbol With Rice Plants In Kannur : വയൽ നടുവിൽ അരിവാൾ ചുറ്റിക ; പച്ച കുഞ്ഞരിഞ്ഞാറിന്‍റെ നടുവിൽ കാല ബേട്ടി കൊണ്ടൊരു കരവിരുത്

By ETV Bharat Kerala Team

Published : Sep 3, 2023, 1:41 PM IST

Communist Symbol With Rice Plants

കണ്ണൂർ : ഏതൊരു ഉത്സവത്തിലും ആഘോഷത്തിലും കൂട്ടായ്‌മകളിലും രാഷ്ട്രീയം പറയുന്ന നാടാണ് കണ്ണൂർ. അത്തരമൊരു കാഴ്‌ചയാണ് പാപ്പിനിശ്ശേരി കണ്ണപുരം കെഎസ്‌ടിപി റോഡിലെ വയലിലും കാണാനാവുക (The Hammer And Sickle in paddy field). കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിറവി കൊണ്ട നാടാണ് കണ്ണൂർ. അത്തരത്തിൽ കണ്ണൂരിന്‍റെ കമ്മ്യൂണിസ്റ്റ്‌ മനസ് വയലിൽ പ്രതിഫലിപ്പിക്കുകയാണ് രണ്ട് യുവ കർഷകർ. ജില്ലയിലെ പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണപുരത്ത് വിശാലമായ നെൽവയലിൽ ചുവന്ന നെല്ലുകൊണ്ട് അരിവാൾ ചുറ്റിക അടയാളത്തിന്‍റെ രൂപത്തിൽ നെല്ല് വളർത്തിയാണ് ഇവർ കൗതുക കാഴ്‌ച ഒരുക്കിയത് (Communist Symbol With Rice Plants In Kannur). പച്ച നിറമുള്ള കുഞ്ഞരിഞ്ഞാറിന്‍റെ നടുവിൽ ബ്ലാക്ക് റൈസ് കാല ബേട്ടി ഞാറുകൊണ്ടാണ് ഇവർ അരിവാള്‍ ചുറ്റിക തീര്‍ത്തത്. കടും വയലറ്റും കാപ്പിയും ചേർന്ന നെൽചെടികളാണ് കാല ബേട്ടിയുടേത്. വിത്ത് പാകി മുളപ്പിച്ച ശേഷം അരിവാൾ ചുറ്റികയുടെ രൂപത്തിൽ മറ്റുള്ളവ പറിച്ചുമാറ്റി പകരം കാലാബേട്ടി നടുകയായിരുന്നു. ഇവയ്ക്കിടയിൽ കള വളരാതെ ജാഗ്രതയോടെ പരിപാലിച്ചു. കണ്ണപുരം സ്വദേശികൾ ആയ ഇ അനൂപും വി കെ രഞ്ജിത്തും ചേർന്നാണ് ഇത്തരത്തിൽ വേറിട്ട കൃഷി പരീക്ഷിച്ചത്. പത്തുവർഷത്തോളമായി കാർഷിക മേഖലയില്‍ സജീവമായ ഇരുവരും വ്യത്യസ്‌തയിനം നെൽകൃഷികള്‍ ചെയ്‌തുവരുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ബ്ലാക്ക് റൈസ് ഇവർ ഇറക്കിയത്. വ്യത്യസ്‌തതയ്ക്ക് വേണ്ടി അരിവാൾ ചുറ്റികയും ഒരുക്കി. പഞ്ചാബിൽ നിന്ന് അടക്കമാണ് ഇവർ വിത്ത് എത്തിച്ചത്. കൂടാതെ 315 ഓളം നെൽവിത്തുകൾ ശേഖരിച്ച വയനാട്ടിലെ ഒരു കർഷകനെയും സമീപിച്ചു. അങ്ങനെ കണ്ണപുരം പ്രദേശത്ത് ആയിരം തെങ്ങിലും വെള്ളറങ്ങലിലും ആയി രണ്ടേക്കർ പാടത്ത് ഇന്ന് ഇവർ കൃഷി ചെയ്യുന്നുണ്ട്. രാംലി (മൈനയുടെ കണ്ണ്) കുഞ്ഞി നെല്ല്, ജീരകശാല അസർബാത്ത്, ഏഴോം രണ്ട് എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ കാലാ ബേട്ടി കൊണ്ട് കണ്ണൂരിലെ രാഷ്ട്രീയ വളർച്ച പോലെ പാടങ്ങളെ ചുവപ്പിക്കും എന്ന് ഇവർ പറയുന്നു. ഈ യുവ കര്‍ഷകരെ കണ്ണപുരം പഞ്ചായത്ത് ആദരിച്ചിട്ടുമുണ്ട്.

ABOUT THE AUTHOR

...view details