Beverages Outlet Rajakumari Vigilance Raid : ബില്‍ നല്‍കാതെ മദ്യവില്‍പന; രാജകുമാരി ബിവറേജിൽ വിജിലന്‍സ് കണ്ടെത്തിയത് വൻ ക്രമക്കേട് - ബിവറേജസ് ഔട്ട്‌ലെറ്റില്‍ വൻ ക്രമക്കേട്
Published : Sep 4, 2023, 7:43 AM IST
|Updated : Sep 4, 2023, 1:15 PM IST
ഇടുക്കി : രാജകുമാരി ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി (Beverages Outlet Rajakumari Vigilance Raid). വില്‍ക്കുന്ന മദ്യത്തിന്‍റെ ബില്‍ നല്‍കാത്തതും കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന രീതീയിലുള്ള മദ്യ വില്‍പനയും അടക്കമുള്ള ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഔട്ട്‌ലെറ്റിൽ കാണേണ്ട പണത്തിൽ 17,000 രൂപയുടെ കുറവ് പരിശോധനയിൽ കണ്ടെത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണത്തില്‍ കുറവ് വന്നതിനെ കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല എന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ 140 രൂപക്കാണ് വിൽപന നടത്തിയിരുന്നത്. ഇവർ വാങ്ങുന്ന മദ്യത്തിന് ബില്ലുകളും നൽകാറില്ല എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബില്ലുകൾ കീറി ചവറ്റു കുട്ടയില്‍ ഇട്ടതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 108 കുപ്പി ബിയറിന്‍റെ കുറവും ഔട്ട്‌ലെറ്റിൽ ഉണ്ടായിരുന്നു. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യം നൽകാതെ കമ്മീഷൻ കൂടുതൽ കിട്ടുന്ന മദ്യം മാത്രം നൽകുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് രാജകുമാരി ബിവറേജസ് ഔട്ട്‌ലെറ്റിൽ റെയ്‌ഡ് നടത്തിയത്.