Parineeti Chopra| രാഘവ് ഛദ്ദയ്‌ക്കൊപ്പം അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് പരിനീതി ചോപ്ര - പരിനീതി
അമൃത്‌സര്‍: അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും. ശനിയാഴ്‌ച രാവിലെയാണ് ഇരുവരും അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ള നിറമുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. കൈകള്‍ കൂപ്പി ക്ഷേത്രപരിസരത്ത് നടക്കുന്ന പരിനീതിയുടെയും രാഘവിന്‍റെയും ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിഖ് മത ദേവാലയത്തിന് അഭിമുഖമായി ഇരുവരും തൊഴു കൈകളോടെ പ്രാര്‍ഥിക്കുന്നതിന്‍റെ ചിത്രം പരിനീതി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'അദ്ദേഹത്തിനൊപ്പമുള്ള എന്‍റെ ഇത്തവണത്തെ സന്ദർശനം കൂടുതൽ സവിശേഷമായിരുന്നു' -എന്ന അടിക്കുറിപ്പോടു കൂടിയാണ് പരിനീതി ചോപ്ര ക്ഷേത്ര ദര്‍ശന ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. വിശുദ്ധ ദേവാലയത്തിന്‍റെ ശാന്തമായ പശ്ചാത്തലത്തിൽ പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഒരുമിച്ച് പോസ് ചെയ്യുന്നതാണ് ചിത്രത്തില്‍ കാണാനാവുക.
വെള്ള നിറമുള്ള കുർത്തയും സൽവാറും ധരിച്ച് ദുപ്പട്ട കൊണ്ട് തല മറച്ചിരിക്കുകയാണ് പരിനീതി. അതേസമയം വെള്ള കുര്‍ത്തയും പൈജാമയും അതിന് മുകളിലായി ചാരനിറത്തിലുള്ള നെഹ്‌റു കോട്ടും ധരിച്ച് ഓറഞ്ച് നിറമുള്ള തുണികൊണ്ട് തല മറച്ചിരിക്കുകയാണ് രാഘവ്. ഇരുവരും നേരത്തെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.