Plus One Seats | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്തിന് പ്രത്യേക പരിഗണന, 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി - കോഴിക്കോട്
കോഴിക്കോട്: പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ മലപ്പുറം ജില്ലക്ക് പ്രത്യേക പരിഗണന പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 14 അധിക ബാച്ചുകൾ മലപ്പുറത്തിനായി അനുവദിച്ചു. മറ്റ് ജില്ലകളിൽ ഒഴിത്ത് കിടക്കുന്ന സീറ്റുകളാണ് മലപ്പുറത്തേക്ക് മാറ്റുക.
മാർജിനൽ സീറ്റ് വർധനവിന് പുറമേ 81 താത്‌കാലിക ബാച്ചുകളും ഉൾപ്പെടുത്തി. അലോട്ട്‌മെന്‍റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ ഇനിയും അനുവദിക്കും. എയ്‌ഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നൽകാമോ എന്ന് പരിഗണിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വാരിക്കോരി അധികബാച്ച് അനുവദിക്കാനാവില്ലെന്നും താലൂക്കടിസ്ഥാനത്തിൽ പഠിച്ചതിന് ശേഷം മാത്രമേ ബാച്ചുകൾ അനുവദിക്കാനാവുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രൊഫ.കാർത്തികേയൻ കമ്മിറ്റിയുടെ റിപ്പോർട്ട് മാത്രമല്ല അധ്യാപക സംഘടനകളും എസ് ഇ ആർ ടി യും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വകുപ്പ് പഠിക്കുകയാണെന്നും മന്ത്രി ഇക്കഴിഞ്ഞ മേയില്‍ വ്യക്തമാക്കി.