ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം
ചെന്നൈ:നീണ്ട കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം 'ജയിലര്‍' തിയേറ്ററുകളില്‍. വന്‍ ആഘോഷങ്ങളോടെയാണ് തലൈവര്‍ ചിത്രം 'ജയിലര്‍' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്ന് (ഓഗസ്റ്റ് 10ന്) പ്രദര്‍ശനത്തിനെത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് തലൈവര്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
പടക്കം പൊട്ടിച്ചും, പാല് അഭിഷേകം നടത്തിയും, പാട്ടിനൊപ്പം നൃത്തം ചെയ്തും ആരാധകര്‍ ആഘോഷമാക്കി. ജയിലര്‍ റിലീസ് വേളയില്‍ ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ റിലീസ് കേന്ദ്രങ്ങളെല്ലാം ആഘോഷ ലഹരിയിലാണ്. കേരളത്തില്‍ മോഹൻലാല്‍ ഫാൻസ് പ്രത്യേക ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.
'ജയിലറി'ല്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായി രജനികാന്ത് അഴിഞ്ഞാടിയപ്പോള്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ കസറി എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതും തൃപ്തിപ്പെടുത്തുന്നതുമാണ് 'ജയിലര്‍' ആദ്യ പ്രതികരണങ്ങള്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത 'ജയിലര്‍'.
ജയിലര്‍ റിലീസ് ദിവസം ഹിമാലയത്തിലാണ് രജനികാന്ത്. ബുധനാഴ്ചയാണ് താരം ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടത്. ഹിമാലയത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് താരം മാധ്യമങ്ങളെ കണ്ടിരുന്നു. 'നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ ഹിമാലയത്തിലേക്ക് മടങ്ങുകയാണ്. നാളെ 'ജയിലർ' സിനിമയുടെ റിലീസാണ്; എല്ലാവരും തിയേറ്ററില്‍ പോയി കാണുക, സിനിമ ഇഷ്ടമായാല്‍ എന്നെ അറിയിക്കൂ.' -ഇപ്രകാരമാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
Also Read:Rajinikanth| ജയിലര്‍ റിലീസിന് മുമ്പ് രജനികാന്ത് ഹിമാലയത്തില്‍; ഈ യാത്ര 4 വര്‍ഷങ്ങള്‍ക്ക് ശേഷം..