ചിരി മാഞ്ഞ് ഇരിങ്ങാലക്കുട; അന്ത്യാഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി, ഇന്നസെന്‍റിന് ജന്മനാട് വിടചൊല്ലുന്നു
തൃശൂർ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന് വിടചൊല്ലി ജന്മനാട്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഇന്നസെന്‍റിന്‍റെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയായാണ് ഇന്നസെന്‍റിന്‍റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്.
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്‍റിന് അന്ത്യാഞ്‌ജലി അർപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോഴും വലിയ ജനാവലിയാണ് പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി ആദരാഞ്‌ജലിയർപ്പിച്ചത്.
also read:'മായുന്നത് ഇരിങ്ങാലക്കുടയുടെ ചിരി'; അനുസ്‌മരിച്ച് മന്ത്രി ആര്‍ ബിന്ദു
ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നാളെ (28.03.23) രാവിലെ 10 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്‍റെ സംസ്‌കാരം നടക്കുക. അനാരോഗ്യത്തെ തുടർന്ന് മാർച്ച് മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മഹാനടൻ ഇന്നലെ രാത്രി പത്തരയോടെയാണ് ലോകത്തോട് വിടപറഞ്ഞത്.