സ്റ്റൈലിഷ് ഡിഫൻഡറിൽ സൂപ്പർ സ്റ്റൈലായി ചാക്കോച്ചൻ
എറണാകുളം: മലയാളസിനിമയിൽ ഇപ്പോൾ ലാൻഡ് റോവർ ഡിഫൻഡർ തരംഗമാണ്. മമ്മൂട്ടി, ജോജു ജോർജ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും. ഡിഫൻഡറിന്‍റെ 2023 കസ്റ്റമൈസ്‌ഡ് വേർഷനാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നര മാസം മുമ്പാണ് കൊച്ചിയിലെ ജാഗ്വാർ ലാൻഡ് ലോവർ ഷോറൂമിൽ നിന്ന് ചാക്കോച്ചൻ വാഹനം സ്വന്തമാക്കിയത്. '2018' സിനിമയുടെ സ്വപ്‌ന തുല്യമായ വിജയവും, 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സംസ്ഥാന പുരസ്‌കാര തിളക്കവും പുതിയ ഡിഫൻഡറിന് അദ്ദേഹത്തോടൊപ്പം മാറ്റുകൂട്ടുന്നു. ഡിഫൻഡർ സ്വന്തമാക്കിയ വേളയിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ആ വിവരം ആരാധകരുമായി അദ്ദേഹം പങ്കുവച്ചിരുന്നു. 300 ലിറ്റർ ഡീസൽ എൻജിൻ കരുത്തുപകരുന്ന വാഹനത്തിന് എക്‌സ് ഷോറൂം വില 1.35 കോടി രൂപയാണ്. കസ്റ്റമൈസ്‌ഡ് വേർഷൻ ആയതുകൊണ്ട് ഇഷ്‌ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് വില വ്യത്യാസം വന്നേക്കാം. എച്ച്എസ്ഇ മോഡലായ ലാൻഡ് റോവർ ഡിഫൻഡറിന് 221 കിലോവാട്ട് കരുത്തുള്ള എൻജിനാണ്. 100 കിലോമീറ്റർ വേഗം ഏകദേശം ഏഴ് സെക്കൻഡ് കൊണ്ട് നേടിയെടുക്കാം. ലാൻഡ് റോവറിന്‍റെ ഐതിഹാസിക മോഡലുകളിൽ ഒന്നായ ഡിഫൻഡർ 67 വർഷത്തെ സേവനം അവസാനിപ്പിച്ച് നിരത്തുകളിൽ നിന്ന് 2016ൽ പിൻവലിച്ചിരുന്നു. അതിനു ശേഷം മുഖം മിനുക്കി 2019ൽ വീണ്ടും രംഗത്തെത്തിയ ഡിഫൻഡറിന്‍റെ ജനപ്രീതി ദിനപ്രതി കുതിച്ചുയരുകയാണ്. '2018' ചലച്ചിത്രത്തിന്‍റെ വിജയാഘോഷ വേളയിൽ ആണ് സ്വയം ഡ്രൈവ് ചെയ്‌ത് കുഞ്ചാക്കോ ബോബൻ തന്‍റെ പുതിയ ഡിഫൻഡറുമായി എത്തിയത്. കരിയറിലെ തിളക്കത്തിൽ നിൽകുന്ന ചാക്കോച്ചന്‍റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'ചാവേർ' ആണ്. സെപ്റ്റംബർ മാസം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.