'35 വർഷത്തെ ബന്ധം, വിവാഹത്തിന് 2 മണിക്കൂര്‍ മുന്‍പേ എത്തി കാത്തു നിന്നു'; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ജയറാം
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ ജയറാം. ഉമ്മൻ ചാണ്ടിയുമായി 35 വർഷത്തെ ബന്ധമാണ് ഉള്ളതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി സര്‍ രണ്ട് മണിക്കൂർ മുൻപ് എത്തി തങ്ങൾക്ക് വേണ്ടി കാത്തിരുന്നുവെന്നും ജയറാം മാധ്യമങ്ങളോട് പങ്കുവച്ചു.
'1992 സെപ്‌റ്റംബര്‍ ഏഴിനായിരുന്നു എന്‍റെ വിവാഹം. അടുത്ത ദിവസം എറണാകുളം ടൗണ്‍ ഹാളില്‍ വച്ചായിരുന്നു റിസപ്‌ഷന്‍. വൈകിട്ട് ആറരയ്‌ക്ക് ആയിരുന്നു എല്ലാവരെയും വിളിച്ചിരുന്നത്. നാലരയ്‌ക്ക് ഒരു ഫോണ്‍ കോള്‍ വന്നു, ഒരാള്‍ നേരത്തെ, അതും രണ്ട് മണിക്കൂര്‍ മുമ്പ് വന്ന് കാത്തിരിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ ചാണ്ടി ആണെന്നും പറഞ്ഞു.
അപ്പോള്‍ ടൗണ്‍ ഹാള്‍ തുറന്നിട്ടില്ലായിരുന്നു. അദ്ദേഹം അവിടെയുള്ള പടിക്കെട്ടില്‍ ഞങ്ങള്‍ വരുന്നത് വരെ രണ്ടര മണിക്കൂറോളം കാത്തിരുന്നു. ആദ്യമായി എന്‍റെയും എന്‍റെ ഭാര്യയുടെയും തലയില്‍ കൈ വച്ച് അനുഗ്രഹിച്ചത് സാറാണ്. പിന്നെയും എത്രയോ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി. എന്‍റെ മകന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ ആ കൈകളില്‍ നിന്നും വാങ്ങാനുള്ള ഭാഗ്യം ഉണ്ടായി. എനിക്കും എത്രയോ പുരസ്‌കാരങ്ങള്‍..' -ജയറാം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ദിവസം താന്‍ ഫോണ്‍ വിളിച്ചിരുന്നതായും ജയറാം പറഞ്ഞു. എന്നാല്‍ അന്ന് അദ്ദേഹത്തിന് ശബ്‌ദം ഇല്ലാത്തതിനാൽ സംസാരിക്കാനായില്ലെന്നും പിന്നീട് വീഡിയോ കാൾ വഴി അദ്ദേഹത്തെ കണ്ടുവെന്നും ജയറാം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച ശേഷം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയച്ച ശേഷമാണ് ജയറാം മടങ്ങിയത്.