മനോഹരം ഈ കൂടിച്ചേരല്‍; പരസ്‌പരം വാരിപ്പുണർന്ന് ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയും - വാരിപ്പുണർന്ന് ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയും
മുംബൈ:ബോളിവുഡിലെ ഐക്കോണിക് നടന്മാരാണ് ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ചാർട്ടില്‍ ഇടംപിടിച്ചവയാണ്. ഒരുകാലത്ത് ഹിന്ദി സിനിമയുടെ മുഖമായിരുന്ന ഇവർ സിനിമക്കപ്പുറത്തെ തങ്ങളുടെ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ധർമേന്ദ്രയും ശത്രുഘ്നൻ സിൻഹയും ഒരുമിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്.
ധർമേന്ദ്രയുടെ കൊച്ചുമകനും സണ്ണി ഡിയോളിന്‍റെ മകനുമായ കരൺ ഡിയോളിന്‍റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ശത്രുഘ്നൻ സിൻഹയെ സ്വീകരിക്കുന്ന ധർമേന്ദ്രയെ വീഡിയോയില്‍ കാണാം. ജൂൺ 18ന് മുംബൈയിൽ വച്ചാണ് കരൺ ഡിയോളും ദൃഷ ആചാര്യയും വിവാഹിതരായത്. തുടർന്ന് മുംബൈയിൽ രാത്രി ഗംഭീരമായ റിസപ്ഷനും നടന്നിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള ടക്‌സീഡോയിൽ കരൺ തിളങ്ങിയപ്പോൾ ദൃഷ മനോഹരമായ ഗൗണിലാണ് വേദിയെ അലങ്കരിച്ചത്.
വധൂവരന്മാർക്ക് ആശംസകൾ നേരാൻ മകനൊപ്പമാണ് ശത്രുഘ്നൻ സിൻഹ എത്തിയത്. ബി-ടൗണിലെ നിരവധി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു. സണ്ണി ഡിയോളും മകൻ രാജ്‌വീർ ഡിയോളും അതിഥികൾക്ക് മധുരം വിതരണം ചെയ്‌തു.അതേസമയം കരൺ ഡിയോളിന്‍റെയും ദൃഷയുടെയും കല്യാണത്തിന് മുന്നോടിയായിട്ടുളള പ്രീ- വെഡിങ് ചടങ്ങുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യാഴാഴ്‌ചയായിരുന്നു മെഹന്ദി ചടങ്ങുകൾ നടന്നത്. കയ്യിൽ മെഹന്ദി കൊണ്ട് മതചിഹ്നങ്ങളണിഞ്ഞ് സണ്ണി ഡിയോളും ശ്രദ്ധനേടിയിരുന്നു.