മൊട്ടയടിച്ച് മക്കള്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ധനുഷ് ; വീഡിയോ - D50
തിരുപ്പതി :തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന്‍റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മൊട്ടയടിച്ച് താടി വടിച്ചാണ് താരം ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ എത്തിയത്. ഇവിടെ പ്രാര്‍ഥിക്കുന്ന ധനുഷിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും ഒപ്പമായിരുന്നു ദര്‍ശനം. മക്കളെ കൂടാതെ മതാപിതാക്കളായ വിജയലക്ഷ്‌മിയും കസ്‌തൂരി രാജയും ധനുഷിനൊപ്പമുണ്ടായിരുന്നു. ഇതിന് മുമ്പായി അതിരാവിലെയാണ് നടന്‍ അദ്ദേഹത്തിന്‍റെ താടിയും മുടിയും വടിച്ചത്.
കഴുത്തില്‍ രുദ്രാക്ഷ മാല അണിഞ്ഞ്, തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും ധരിച്ച് അമ്പലം സന്ദര്‍ശിക്കുന്ന ധനുഷിനെയാണ് വീഡിയോയില്‍ കാണാനാവുക. ധനുഷിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'D50' യ്ക്ക് വേണ്ടിയാണ് ഈ പുതിയ ലുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാകും ധനുഷ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുക.
സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ഈ സിനിമയുടെ സംവിധാനവും ധനുഷ് തന്നെയാണ്. അതേസമയം ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read:കൂൾ എയർപോർട്ട് ലുക്കിൽ ധനുഷ്; താരത്തെ തിരിച്ചറിയാനാവാതെ ആരാധകര്‍; വീഡിയോ വൈറല്‍
'ക്യാപ്‌റ്റന്‍ മില്ലറാ'ണ് താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ഈ സിനിമയില്‍ നീളന്‍ തലമുടിയും കട്ടത്താടിയുമുള്ള ലുക്കാണ് താരത്തിന്‍റേത്. അരുൺ മാതേശ്വരനാണ് 'ക്യാപ്‌റ്റന്‍ മില്ലറി'ന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്.