മീനച്ചിലാറ്റില്‍ തടി പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി - man missing
കോട്ടയം: കിടങ്ങൂരിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്‍റെ മകൻ മനീഷിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് കാവാലിപ്പുഴ ഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കളായ ജിതീഷ്, റിനു എന്നിവർക്കൊപ്പം പുഴയിലിറങ്ങി തടി കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റു രണ്ടു പേരും നീന്തി കരയില്‍ കയറിയെങ്കിലും മനീഷ് മുങ്ങിത്താഴ്ന്നു. പാലായിൽ നിന്നെത്തിയ ഫയർഫോഴ്സും കിടങ്ങൂർ പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്.