'കൊവിഡ് സഹായമല്ല, സൗഹൃദം': കേന്ദ്ര വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ. കൊവിഡ് ലോകം പങ്കിട്ട പ്രശ്നമാണെന്നും പരസ്പരമുള്ള സഹായത്തിനെ സൗഹൃദമാണെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ മരുന്നുകളുടെ ആവശ്യം വന്നപ്പോൾ തങ്ങൾ യു.എസ്, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾക്ക് നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ചില രാജ്യങ്ങൾക്ക് തങ്ങൾ വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും സഹായം എന്ന് വിശേഷിപ്പിക്കുന്നതിനെ തങ്ങൾ സൗഹൃദമെന്നാണ് വിളിക്കുന്നതെന്നും ജയ്‌ശങ്കർ പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒരു ലക്ഷ്യമുണ്ട്. കൊവിഡിന്‍റെ ഈ രണ്ടാം തരംഗത്തിൽ നമ്മുടെ ആളുകൾ വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വിദേശകാര്യമന്ത്രിയെന്ന നിലയിൽ എന്‍റെ ജനങ്ങളെ സഹായിക്കാൻ ഞാൻ ആവശ്യമായതെല്ലാം ചെയ്യും”. വിദേശകാര്യ മന്ത്രി ഒരു മാധ്യമ ഏജൻസിയോട് സംസാരിയ്ക്കവെ പറഞ്ഞു.