യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ച് ആർപിഎഫ് വനിത കോൺസ്റ്റബിൾ ; വീഡിയോ - മുംബൈ ലോക്കൽ ട്രെയിൻ
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാൻ ശ്രമിച്ച് തെറിച്ച് വീണ യുവാവിന്‍റെ ജീവൻ രക്ഷിച്ച് വനിത ആർപിഎഫ് കോൺസ്റ്റബിൾ. ഹർബാർ ലൈനിലെ വഡാല റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം. ആർപിഎഫ് കോൺസ്റ്റബിൾ ദീപ റാണിയാണ് യുവാവിന്‍റെ രക്ഷകയായി അവതരിച്ചത്. ദീപയുടെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് യുവാവിന് ജീവൻ തിരികെ കിട്ടിയത്. ദീപ പ്രതികരിക്കാന്‍ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ യുവാവിന്‍റെ ജീവൻ നഷ്‌ടമാകുമായിരുന്നുവെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ ജോലിയുടെ ഭാഗമായ കാര്യമാണ് ചെയ്‌തതെന്നും ആരും ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കരുതെന്നുമായിരുന്നു ദീപ റാണിയുടെ പ്രതികരണം.