ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പുതുജീവൻ നൽകി ആർപിഎഫ് ഉദ്യോഗസ്ഥൻ
റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ. പ്രഭാത് കുമാർ എന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സാഹസികമായി ട്രെയിനിന് മുന്നിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. ശക്തിപുഞ്ച് എക്‌സ്‌പ്രസ് ധൻബാദ് റെയിൽവേ സ്റ്റേഷനിലെ 7ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോൾ പെൺകുട്ടി അപകടകരമായ രീതിയില്‍ റെയില്‍വേ ട്രാക്കില്‍ നില്‍ക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പകച്ചുനിന്നപ്പോൾ പ്രഭാത് കുമാറിന്‍റെ അവസരോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.