ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 3,368 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്(Covid New death and patients)
മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്( Two deaths in Kerala). ഒരു മരണം കര്‍ണാടകയിലും. കഴിഞ്ഞമാസം അഞ്ച് വരെ രോഗികളുടെ എണ്ണം രണ്ടക്കം കടന്നിരുന്നില്ല. എന്നാല്‍ പുതിയ വകഭേദവും തണുപ്പും എത്തിയതോടെ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ തുടങ്ങി.
2021 മെയ് മാസത്തിന് ശേഷം 2023 ഡിസംബർ 31നാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 5,841 പേര്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഭൂരിഭാഗവും രോഗമുക്തി നേടി.
പുതിയ വകഭേദമായ ജെഎന്‍1 വലിയ തോതിലുള്ള രോഗവ്യാപനത്തിനോ ആശുപത്രി വാസത്തിനോ മരണത്തിനോ കാരണമാകുന്നില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്(JN1not deadly varient). മൂന്ന് കൊവിഡ് തരംഗങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2021ഏപ്രില്‍- ജൂണിലുണ്ടായ ഡെല്‍റ്റ തരംഗത്തിലാണ് നിത്യേന ഏറ്റവും കൂടുതല്‍ പേര്‍ രോഗ ബാധിതരാകുകയും മരിക്കുകയും ചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും 2021 മെയ് ഏഴിനാണ്. 4,14,188 പുതിയ കൊവിഡ് കേസുകളാണ് അന്ന് ഒറ്റ ദിവസം മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മൂലം 3,915 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയ 2020ന് ശേഷം രാജ്യമെമ്പാടുമായി 5.3 ലക്ഷം പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. നാലരക്കോടി പേര്‍ക്ക് രോഗബാധയുണ്ടായെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗവിമുക്തരായവരുടെ എണ്ണം 4.4 കോടിയാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നു. അതായത് രോഗം ഭേദമായവരുടെ ദേശീയ ശരാശരി 98.81 ശതമാനം. ഇതുവരെ രാജ്യവ്യാപകമായി 220.67 കോടി കൊവിഡ് വാക്സിന്‍ വിതരണം ചെയ്തെന്നും വെബ്സൈറ്റില്‍ പറയുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
Also Read: കൊവിഡ് വകഭേദം ജെഎന്‍ 1 കൂടുതല്‍ ബാധിച്ചത് കേരളത്തില്‍; ഇന്ന് രണ്ട് കൊവിഡ് മരണം