കോഴിക്കോട്:കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Banner Against Governor Removed From Calicut University Campus). ഉച്ചയ്ക്ക് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം കാമ്പസിൽ എത്തിയ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ബാനറുകൾ സ്ഥാപിച്ചതിനെതിരേ രോഷപ്രകടനം നടത്തിയിരുന്നു. റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കടുത്ത അതൃപ്‌തി അറിയിച്ചത്.
ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് ആരാഞ്ഞ്, ഇതേപ്പറ്റി വൈസ് ചാൻസിലറോട് വിശദീകരണം ചോദിക്കാനും രാജ്‌ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കു മുന്നിൽവെച്ച് ബാനറിലെ വാക്കുകൾ അടക്കം എടുത്തുപറഞ്ഞാണ് ഗവർണർ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശം നൽകിയത്. ബാനറുകൾ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവർണർ ആരാഞ്ഞു.