മനസിനും ശരീരത്തിനും ഒരു പോലെ പ്രയോജനം ചെയ്യുന്നതാണ് വ്യായാമവും യോഗയും. സമീപകാലത്ത് യുറൽ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ മനശാസ്‌ത്രജ്ഞർ നടത്തിയ പഠനത്തിൽ ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ഉള്ള കുട്ടികളിൽ യോഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ സ്വാധീനിക്കുന്നതായി കണ്ടെത്തിയിരുന്നു. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകിയ ശേഷം കുട്ടികളിൽ ശ്രദ്ധ മെച്ചപ്പെടുന്നു, ഹൈപ്പർ ആക്‌റ്റിവിറ്റി കുറയുന്നതായും കണ്ടെത്തി. അവർ ഒരുപാട് ക്ഷീണിതരായി കാണുന്നില്ലെന്നും അവർ കൂടുതൽ സമയം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും പഠനത്തിലൂടെ മനസിലാക്കാൻ സാധിച്ചു.
ആറ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള 16 കുട്ടികളിലാണ് യോഗയും വ്യായാമവും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠനം നടത്തിയത്. പഠനത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അവർ ബയോളജിക്കൽ സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇത്തരം കുട്ടികളിൽ തലച്ചോറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഭാഗത്തിന്‍റെ രൂപീകരണത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാമെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ഉർഫുവിലെ ലബോറട്ടറി ഓഫ് ബ്രെയിൻ ആൻഡ് ന്യൂറോകോഗ്‌നിറ്റീവ് ഡെവലപ്‌മെന്‍റ് മേധാവി സെർജി കിസെലെവ് പറഞ്ഞു. ഇത് അവരിൽ ഹൈപ്പർ ആക്‌റ്റിവിറ്റി, ശ്രദ്ധക്കുറവ്, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതിനെ തുടർന്ന് ഡയഫ്രമാറ്റിക് റിഥമിക് ഡീപ് ശ്വസനത്തിന്‍റെ വികാസത്തെ അടിസ്ഥാനമാക്കി അവർ ബെല്ലി ബ്രീതിംഗ് എന്ന രു പ്രത്യേക ശ്വസന വ്യായാമം ഉപയോഗിച്ചു. അത്തരത്തിലുള്ള വ്യായാമം തലച്ചോറിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനും മറ്റും സഹായിക്കുന്നു. റെറ്റിക്യുലാർ രൂപീകരണത്തിന് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നതോടെ കുട്ടിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കാൻ സഹായിക്കുന്നു.