ഉറക്കത്തിനിടയിലെ മരണം.. 2009 മുതൽ ടൗലോൺ നഗരത്തിലെ നഴ്‌സിങ് ഹോമിലായി താമസം.. അന്ത്യവും അതേ നഴ്‌സിങ് ഹോമിൽവച്ച്.. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ ഫ്രാൻസിലെ കന്യാസ്‌ത്രീ ലുസൈൽ റാൻഡൻ ലോകത്തോട് വിട പറഞ്ഞത് ജനുവരി 18നാണ്. മരിക്കുമ്പോൾ വയസ് 118.
സിസ്റ്റർ ആന്ദ്രേ എന്നാണ് ലുസൈൽ റാൻഡൻ അറിയപ്പെട്ടിരുന്നത്. കന്യാസ്‌ത്രീയായ ലുസൈൽ റാൻഡൻ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ്. ലുസൈലിന്‍റെ മരണത്തോടെ അമേരിക്കയിൽ നിന്നുള്ള 115 കാരിയായ മരിയ ബ്രാന്യാസ് മൊറേറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോഡിൽ തുടരും.
കുടുംബ പശ്ചാത്തലം :1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലെ അലെസ് പട്ടണത്തിലാണ് ലുസൈൽ റാൻഡൻ ജനിച്ചത്. അവർക്ക് മൂന്ന് സഹോദരന്മാരും ഒരു ഇരട്ട സഹോദരിയും ഉണ്ടായിരുന്നു. ഇരട്ടസഹോദരിയുടെ പേര് ലിഡി. ജനിച്ച് ഒരു വർഷത്തിനുശേഷം സഹോദരി മരിച്ചു.
സേവനമാണ് പരമമായ ജീവിതം :ലുസൈൽ റാൻഡൻ തന്‍റെ ആദ്യകാലങ്ങളിൽ സമ്പന്ന കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കുമായിരുന്നു. തുടർന്നുള്ള അവരുടെ ജീവിതകാലത്ത് രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ടു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, അവർ അനാഥരെയും പ്രായമായവരെയും സേവിക്കാൻ തുടങ്ങി. കന്യാസ്ത്രീയായ ശേഷം റാൻഡൻ 31 വർഷം വിച്ചിയിലെ ആശുപത്രിയിൽ സേവനമനുഷ്‌ഠിച്ചു. 75 വയസ് തികയുന്നതുവരെ വിവിധ ജോലികൾ ചെയ്‌തുകൊണ്ട് ജീവിച്ചു. 2009 മുതൽ അവർ ടൗലോൺ നഗരത്തിലെ ഒരു നഴ്‌സിങ് ഹോമിൽ ചെലവഴിച്ചു. 2010 മുതൽ കാഴ്‌ചശക്തി കുറയാൻ തുടങ്ങുകയും നടക്കാൻ വയ്യാതാകുകയും ചെയ്‌തു. തുടർന്ന്, വീൽചെയർ ഉപയോഗിച്ചു. ഇതേ നഴ്‌സിങ് ഹോമിൽ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അന്ത്യം.