യുണൈറ്റഡ് നേഷൻസ്: ലോക ജനതസംഖ്യയുടെ 26 ശതമാനം പേർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്നും 46 ശതമാനം പേർക്ക് അടിസ്ഥാന ശുചിത്വം ലഭ്യമല്ലെന്നും യുഎൻ റിപ്പോർട്ട്. 45 വർഷത്തിനിലെ ജലവുമായി ബന്ധപ്പെട്ട് നടത്തിയ യുഎൻ സമ്മേളനത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. 2030 നുള്ളിൽ ലോകത്തെ ശുദ്ധജലക്ഷാമവും ശുചിത്വ പ്രശ്‌നവും പരിഹരിക്കുന്നതിന് ഐക്യരാഷ്‌ട്ര സഭ എത്രമാത്രം പ്രവർത്തിക്കേണ്ടതുണ്ട് എന്നതിന്‍റെ യഥാർഥ ചിത്രമാണ് 2023 ലെ യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെന്‍റ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്.
വേണ്ടത് വലിയ പങ്കാളിത്തവും തുകയും: ഈ ലക്ഷ്യം സാക്ഷാത്‌കരിക്കണമെങ്കിൽ പ്രതിവർഷം 600 ബില്യൺ ഡോളറിനും ഒരു ട്രില്യൺ യുഎസ് ഡോളറിനും ഇടയിൽ ചെലവ് നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടിന്‍റെ എഡിറ്റർ ഇൻ ചാർജ് ആയ റിച്ചാർഡ് കോണർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. രണ്ട് ബില്ല്യൺ ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കാനും 3.6 മില്ല്യൺ ആളുകൾക്ക് ശുചിത്വമുള്ള പരിസ്ഥിതി ഉറപ്പാക്കാനും വേണ്ട സാമ്പത്തിക നിക്ഷേപത്തിനായി നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, ഗവൺമെന്‍റുകൾ തുടങ്ങി നിരവധി പേരുമായി പങ്കാളിത്തം ഉണ്ടാക്കേണ്ടതുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 40 വർഷമായി ആഗോളതലത്തിൽ ജല ഉപയോഗം ഏകദേശം ഒരു ശതമാനം വർധിച്ചിട്ടുണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വർധിച്ച് കുടിവെള്ള ഉപയോഗം: ജനസംഖ്യ വർധനവ്, വികസനം എന്നിവ മുന്നിൽ കാണുമ്പോൾ 2050 വരെ കുടിവെള്ള ഉപയോഗത്തിൽ ഇനിയും വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നഗര പ്രദേശങ്ങളിലാണ് പ്രധാനമായും കുടിവെള്ള ഉപയോഗത്തിന്‍റെ വർധനവ് പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ മൊത്തം വെള്ളത്തിന്‍റെ 70 ശതമാനവും കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നു.