ഒക്‌ടോബർ 1 ലോക വെജിറ്റേറിയൻ ദിനമാണ്. വെജിറ്റേറിയൻ ഭക്ഷണശൈലിയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ദിനം. ലോക സസ്യഹാര ദിനമായി ഒക്‌ടോബർ 1 ആഘോഷിക്കുമ്പോൾ ആരോഗ്യമുള്ള ജീവിതത്തിന് സസ്യാഹാരത്തിന്‍റെ പ്രാധാന്യം എത്രമാത്രമാണെന്ന് നമ്മളും ചിന്തിക്കേണ്ടതുണ്ട്.
ജീവിതശൈലി രോഗങ്ങള്‍ കൂടുതലായുള്ള ഇക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം അത്യവശ്യമാണ്. അസുഖങ്ങളില്ലാതെ ഏറെക്കാലം ജീവിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്.
വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി 1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റിയാണ് (NAVS ) ഒക്‌ടോബർ 1 ലോക വെജിറ്റേറിയൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
ദിവസവും സസ്യാഹാരം ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും സസ്യാഹാരം സഹായിക്കും. വെജിറ്റേറിയന്‍ ഭക്ഷണം ജീവതക്രമത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കുടലിന്‍റെ ആരോഗ്യം:സസ്യാധിഷ്‌ഠിത ഭക്ഷണക്രമം കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. സസ്യഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള നാരിന്‍റെ അംശമാണ് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.
ശരീരത്തിലെ ഊര്‍ജം:ശരീരത്തിലെ ഊര്‍ജം നിലനിര്‍ത്താന്‍ സസ്യാഹാരം സഹായിക്കുന്നു. കായിക താരങ്ങള്‍ ഉള്‍പ്പെടെ സസ്യാഹാരങ്ങളാണ് പിന്‍തുടരുന്നുത്.
യുവത്വം നിലനിർത്താൻ:ദിവസവും സസ്യാഹാരം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്‍റെ തിളക്കം കൂട്ടാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സസ്യാഹാരം നമ്മുടെ ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെ എണ്ണം വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ചീര അടക്കമുള്ള ഇലക്കറികള്‍ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നു.
ഇലവര്‍ഗങ്ങള്‍ (ചീര, പാലക്, മുരിങ്ങ, മത്തന്‍), പയര്‍ വര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, കുമ്പളങ്ങ, മത്തന്‍ തുടങ്ങിയ പച്ചക്കറികളില്‍ മൂന്നെണ്ണം ദിവസവും കഴിക്കണം. അതിനൊപ്പം വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പാഷന്‍ ഫ്രൂട്ട്, കിവി, മാതളം തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ടെണ്ണം ദിവസവും കഴിക്കുക. ചീര, ഉള്‍പ്പെടെയുള്ള പച്ച ഇലക്കറികളും, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും, സിട്രസ് പഴങ്ങള്‍, കാരറ്റ് എന്നിവ ഏറെ ഗുണം ചെയ്യും.
ഭാരം നിയന്ത്രിക്കുന്നു: സസ്യാഹാരം നാരുകളാല്‍ സമ്പന്നമാണ്. ശരീര ഭാരം കുറയ്ക്കുന്നതിന് ഇവ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പച്ചക്കറികളും ഇലക്കറികളും സഹായിക്കും.
വെജിറ്റേറിയനും വീഗനും തമ്മിലുള്ള വ്യത്യാസം: വെജിറ്റേറിയൻസ് മുട്ടയും ഇറച്ചിയും മറ്റു മാംസ ഉത്പന്നങ്ങളും കഴിക്കില്ല. എന്നാൽ വീഗനുകൾ പാൽ, പാലുൽപന്നങ്ങൾ, മുട്ട, മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ജെലാറ്റൻ, തേൻ എന്നിവയും കഴിക്കില്ല. മൃഗോൽപന്നങ്ങളടങ്ങിയ സോപ്പുകളും വസ്‌ത്രങ്ങളും സൗന്ദര്യവർധക വസ്‌തുക്കൾ പോലും ഇവർ ഉപയോഗിക്കില്ല. സസ്യാഹരികളെക്കാൾ കൂടുതൽ പരിസ്ഥിതിവാദികളാണ് വീഗനുകൾ.