ആഗോളതലത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ട്രോക്ക് (പക്ഷാഘാതം) കേസുകളിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ട്. ലോകത്തെ മരണകാരണങ്ങളില്‍ മുന്നിലാണ് ഈ ജീവിതശൈലീ രോഗം. തലച്ചോറിലെ രക്തധമനികള്‍ക്ക് സംഭവിക്കുന്ന തകരാറ് മൂലം ഉണ്ടാകുന്ന രോഗമാണിത്. രോഗിയെ ജീവിത കാലം മുഴുവന്‍ അംഗപരിമിതനാക്കാനും ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സ്‌ട്രോക്ക് കാരണമാകും.
സ്‌ട്രോക്കിനെ കുറിച്ച് ലോക ജനതയെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക പക്ഷാഘാത ദിനം (World Stroke Day) ആയി ആചരിച്ചു വരുന്നു.
മരണകാരണങ്ങളില്‍ മുന്നില്‍: ലോകാരോഗ്യ സംഘടന (WHO)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാമത്തെ പ്രധാന കാരണമാണ് സ്‌ട്രോക്ക്. കൂടാതെ വൈകല്യങ്ങളുടെ കാരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണവും ഈ രോഗം തന്നെ. കണക്കനുസരിച്ച് 2016ൽ 11.5 ദശലക്ഷം മരണങ്ങൾക്ക് സ്ട്രോക്ക് കാരണമായി.
2030ഓടെ സ്‌ട്രോക്ക് മരണങ്ങളുടെ എണ്ണം 17 ദശലക്ഷമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോക പക്ഷാഘാത ദിനത്തിന്‍റെ പ്രാധാന്യം. സ്‌ട്രോക്കിന്‍റെ തീവ്രതയെ കുറിച്ചും രോഗം വന്നാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു ജനങ്ങളെ ബോധവത്‌കരിക്കുകയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
കൂടാതെ സ്‌ട്രോക്കിന്‍റെ ചികിത്സയെ കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ക്ക് വേദി ഒരുക്കുക കൂടിയാണ് ഒക്‌ടോബര്‍ 29. വിലയേറിയ നിമിഷങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിനത്തിന്‍റെ പ്രമേയം.
കണക്കുകള്‍ ഞെട്ടിക്കുന്നത്: മാറിയ ജീവിത ശൈലിയും ക്രമരഹിതമായ ദിനചര്യയും കാരണം പ്രായമായവരില്‍ മാത്രമല്ല യുവാക്കളിലും സ്‌ട്രോക്ക് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട് എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ലോകത്ത് ഓരോ വർഷവും 17 ദശലക്ഷം ആളുകൾക്ക് സ്‌ട്രോക്ക് വരികയും അതിൽ 6.2 ദശലക്ഷം ആളുകൾ മരിക്കുകയും 5 ദശലക്ഷം ആളുകൾ വികലാംഗരാകുകയും ചെയ്യുന്നു എന്നുമാണ് 2019ൽ ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷൻ (ISA) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 15 വർഷത്തിനിടെ 17.5 ശതമാനം വർധനവാണ് സ്ട്രോക്ക് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സ്‌ട്രോക്ക് കേസുകള്‍ കൂടുതലും സംഭവിക്കുന്നത്. വിവിധ സ്രോതസുകള്‍ നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യയില്‍ തന്നെ ഓരോ മിനിറ്റിലും മൂന്ന് പേര്‍ക്ക് നേരിയതോ മിതമായതോ സങ്കീര്‍ണമോ ആയ സ്‌ട്രോക്ക് സംഭവിക്കുന്നുണ്ട്. ജേണൽ ഓഫ് സ്ട്രോക്ക് മെഡിസിൻ റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമപ്രദേശങ്ങളിൽ ഒരു ലക്ഷം പേർക്ക് സ്ട്രോക്കിന്‍റെ വ്യാപന നിരക്ക് 84 മുതൽ 262 വരെ കാണപ്പെടുന്നു. നഗരപ്രദേശങ്ങളിൽ, ഈ കണക്ക് ഒരു ലക്ഷം ജനസംഖ്യയിൽ 334 ഉം 424 ഉം ആണ്.
കൊവിഡിന് ശേഷം സ്‌ട്രോക്ക്: മുൻകാലങ്ങളിൽ പ്രായമായവരില്‍ ആയിരുന്നു സ്‌ട്രോക്ക് കേസുകൾ കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ നിലവില്‍ യുവാക്കളിലും സ്‌ട്രോക്ക് കേസുകൾ കണ്ടുവരുന്നത് ആശങ്കാജനകമാണ്. കൊവിഡിന് ശേഷം സ്‌ട്രോക്ക് കേസുകളിൽ വർധന ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ സാഹചര്യത്തിൽ, സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, സമയബന്ധിതമായ ശ്രമങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുക, രോഗത്തിന്റെ സങ്കീർണതകൾ കുറക്കുന്നതിനായി സമയബന്ധിതമായി രോഗനിർണയം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പക്ഷാഘാത ദിനത്തിന്‍റെ തീം തീരുമാനിച്ചിരിക്കുന്നത്. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും വിദഗ്‌ധർ പറയുന്നു. വൈദ്യസഹായം വൈകിയാല്‍ രോഗിക്ക് അംഗവൈകല്യം സംഭവിക്കുകയോ രോഗി മരിക്കുകയോ ചെയ്യും.
സ്‌ട്രോക്ക് രണ്ടു തരം: രണ്ട് തരത്തിലുള്ള സ്ട്രോക്കുകൾ ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇസ്കെമിക്, ഹെമറാജിക് എന്നിവയാണ് അവ. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ തടസം ഉണ്ടാകുന്നതു മൂലം സംഭവിക്കുന്ന സ്‌ട്രോക്കാണ് ഇസ്‌കെമിക് സ്‌ട്രോക്ക്. സ്‌ട്രോക്കില്‍ ഏറിയ പങ്കും ഇസ്‌കെമിക് സ്‌ട്രോക്കാണ്.
രക്ത ധമനി പൊട്ടി തലച്ചോറിലെ കോശങ്ങളില്‍ രക്തം നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹെമറാജിക് സ്ട്രോക്ക്. സ്ട്രോക്കില്‍ നിന്ന് മുക്തമാകുന്നവര്‍ക്ക് ചികിത്സക്കൊപ്പം ദീര്‍ഘകാല പരിചരണവും ആവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗം തിരിച്ചറിയാം ഫാസ്റ്റ് ടെസ്റ്റിലൂടെ: സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ പരിശോധിക്കാൻ ഫാസ്റ്റ് (FAST) ടെസ്റ്റ് ഗുണം ചെയ്യും. ഇതിന് നാല് ഘട്ടങ്ങളുണ്ട്.
- എഫ് (F): എഫ് മുഖത്തെയാണ് (Face) സൂചിപ്പിക്കുന്നത്. രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. ചിരിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം തൂങ്ങി കിടക്കുന്നതായി കാണപ്പെട്ടാല്‍ അയാള്‍ക്ക് സ്ട്രോക്ക് ഉണ്ടെന്ന് മനസിലാക്കാം.
- എ (A): എ എന്നാൽ കൈകളെ (Arms) സൂചിപ്പിക്കുന്നു. രോഗിയോട് രണ്ട് കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. അയാള്‍ക്ക് ഒരു കൈ എങ്കിലും ഉയര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് സ്‌ട്രോക്കിന്‍റെ ലക്ഷണമാണ്.
- എസ് (S): എസ് എന്നാൽ സംസാരം (Speech) എന്നാണ് ഉദ്ദേശിക്കുന്നത്. രോഗിയോട് സംസാരിക്കാനോ അല്ലെങ്കില്‍ ഒരുവാക്ക് ആവര്‍ത്തിക്കാനോ ആവശ്യപ്പെടുക. അയാള്‍ക്ക് ആ വാക്ക് ആവര്‍ത്തിക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അത് സ്‌ട്രോക്കിന്‍റെ ലക്ഷണമാകാം.
- ടി (T): ഇവിടെ ടി എന്നാൽ അടിയന്തര സേവനത്തിന് സമീപിക്കാനുള്ള സമയം (Time to Call Emergency Service) എന്നാണ് അർഥമാക്കുന്നത്. മുകളിൽ പറഞ്ഞ മൂന്ന് ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് രോഗിയില്‍ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്.