ഒക്‌ടോബർ 16 ലോക നട്ടെല്ല് ദിനം (World Spine Day). നട്ടെല്ലിന്‍റെ ആരോഗ്യം നിലനിർത്തേണ്ടതിനെ കുറിച്ചും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. 'എവരി സ്‌പൈന്‍ കൗണ്ട്സ്' (ഓരോ നട്ടെല്ലും കണക്കാക്കപ്പെടുന്നു) എന്നതാണ് 14-ാമത് വാർഷിക കാമ്പയിനിന്‍റെ പ്രമേയം.
മനുഷ്യരില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് നടുവേദന അല്ലെങ്കിൽ നട്ടെല്ല് വേദന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടുവേദന അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അപകടങ്ങൾ, തിരക്കേറിയ ജീവിതം, പോഷകാഹാരക്കുറവ്, കൃത്യമല്ലാത്ത പോസ്‌ചർ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് സുഷുമ്‌ന നാഡിക്ക് (Spinal Cord) ഉണ്ടാകുന്ന ആഘാതങ്ങളാണ് നടുവേദനയ്‌ക്ക് കാരണമാകുന്നത്.
ചില സമയങ്ങളിൽ സുഷുമ്‌ന നാഡിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ വ്യക്തികളിൽ ചിലപ്പോള്‍ വൈകല്യങ്ങള്‍ വരെയുണ്ടാക്കാം. 2008ൽ വേൾഡ് ഫെഡറേഷൻ ഓഫ് കൈറോപ്രാക്‌റ്റിക് (World Federation of Chiropractic) ആണ് ലോക നട്ടെല്ല് ദിനം ആചരിക്കാന്‍ ആരംഭിച്ചത്. നടുവേദനയെക്കുറിച്ചും നട്ടെല്ലിനുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് ആഗോളതലത്തിൽ ഒരു വേദി സൃഷ്‌ടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 'നിവർന്ന് നിന്ന് മുന്നോട്ട് നീങ്ങുക' എന്ന മുദ്രാവാക്യത്തോടെ 2012ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.
വർഷം തോറും നടക്കുന്ന ലോക നട്ടെല്ല് ദിനത്തിൽ ലോകമെമ്പാടുമുള്ള 800ലധികം സർക്കാർ-സർക്കാർ ഇതര മെഡിക്കൽ, സാമൂഹിക സംഘടനകൾ നിരവധി ബോധവത്കരണ പരിപാടികളും കാമ്പയിനുകളും സംഘടിപ്പിക്കുന്നു. അനുയോജ്യമായ ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കുക, ആവശ്യമുള്ളപ്പോൾ സപ്ലിമെന്‍റുകൾ പോലുള്ള മാർഗങ്ങള്‍ സ്വീകരിക്കുക, ദിനചര്യയിൽ ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുക, നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ലോകമെമ്പാടും നട്ടെല്ല് സംബന്ധമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്.