ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ വായുടെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാരണം നാം എന്ത് കഴിച്ചാലും അത് വായിലൂടെയാണ് ശരീരത്തില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വായില്‍ അണുബാധയോ രോഗമോ ഉണ്ടായാല്‍ വായിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഭക്ഷണവും മലിനമാകും. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
പല്ലും വായയും പതിവായി വൃത്തിയാക്കുന്നത് പല രോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. വായയുടെ ആരോഗ്യം നിലനിര്‍ത്തുന്നത് അത്രയേറെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാല്‍ വായയുടെ ആരോഗ്യം സംബന്ധിച്ച് ആളുകളെ ബോധവാന്‍മാരാക്കുന്നതിന് എല്ലാ വര്‍ഷവും മാര്‍ച്ച് 20ന് ലോക ഓറല്‍ ഹെല്‍ത്ത് ഡേ ആയി ആചരിക്കുന്നു.
ലോക ഓറല്‍ ഹെല്‍ത്ത് ഡേ:2007ലാണ് ആദ്യമായി ലോക ഓറല്‍ ഹെല്‍ത്ത് ഡേ ആചരിച്ചത്. തുടക്കത്തിൽ, എഫ്‌ഡിഐയുടെ സ്ഥാപകനായ ഡോ ചാൾസ് ഗോഡന്‍റെ സ്‌മരണയ്ക്കായി വേൾഡ് ഡെന്‍റൽ ഫെഡറേഷൻ (എഫ്‌ഡിഐ) സെപ്റ്റംബർ 12 ന് ഈ ദിനം ആചരിച്ചു പോന്നു. എന്നാല്‍ പിന്നീട് 2013 ല്‍ ഈ ദിനം മാര്‍ച്ച് 20ലേക്ക് മാറ്റി. Be Proud of Your Mouth എന്നതാണ് 2023 ലെ ഓറല്‍ ഹെല്‍ത്ത് ഡേ തീം. ലോക ഓറൽ ഹെൽത്ത് ദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ഡെന്‍റൽ ഓർഗനൈസേഷനുകൾ സൗജന്യ ഡെന്‍റൽ സ്ക്രീനിങ് ക്യാമ്പുകൾ, സെമിനാറുകൾ, ചർച്ചകൾ, ഓറൽ ഹെൽത്ത് സംബന്ധിച്ച മറ്റ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. വളരെ അവഗണിക്കപ്പെട്ട ഒരു വിഷയമാണ് വായുടെ ആരോഗ്യം.
ഓറല്‍ കാന്‍സര്‍ രോഗികളുടെ കണക്ക് ഞെട്ടിക്കുന്നത്:മിക്ക ആളുകളും വായയോ പല്ലുകളോ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. ഇന്നും വായുടെ ശുചിത്വം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഒരു വലിയ വിഭാഗം ആളുകൾക്ക് അറിവില്ല എന്നതാണ് യാഥാര്‍ഥ്യം. പല്ലിന്‍റെയും വായുടെയും വൃത്തിയിൽ കാര്യമായ ശ്രദ്ധ ചെലുത്താത്തതിനാൽ അസുഖങ്ങൾ പിടിപെടുന്നു.
ലോകത്ത് 3.5 ബില്യണ്‍ ആളുകള്‍ക്ക് വായില്‍ വിവിധ രോഗങ്ങല്‍ ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 90 ശതമാനം ആളുകളും നേരിടുന്ന പ്രശ്‌നം ദന്ത ക്ഷയമാണ്. 530 ദശലക്ഷത്തിലധികം കുട്ടികൾ പാൽ പല്ലുകൾ നശിക്കുന്ന പ്രശ്‌നം നേരിടുന്നു. ലോക ജനസംഖ്യയുടെ 50 ശതമാനം മോണ രോഗം ബാധിച്ചവരാണ്.
ഏറ്റവും സാധാരണയായി കാണുന്ന 10 അർബുദങ്ങളിൽ ഒന്നായി ഓറൽ കാൻസർ കണക്കാക്കപ്പെടുന്നു. ഓരോ വർഷവും മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം പുതിയ ഓറല്‍ കാന്‍സര്‍ കേസുകൾ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൊത്തം കാൻസർ രോഗികളിൽ 30 ശതമാനവും ഓറൽ കാൻസർ രോഗികളാണ് എന്നാണ് ഇന്ത്യയിലെ കണക്ക്. അവരിൽ ഭൂരിഭാഗവും സങ്കീര്‍ണമാകുന്ന ഘട്ടത്തില്‍ മാത്രമാണ് രോഗാവസ്ഥ തിരിച്ചറിയുന്നത് എന്നത് ഏറെ വേദനാജനകമാണ്.
വായും പല്ലും ആരോഗ്യത്തോടെ ഇരിക്കാന്‍ ചെയ്യേണ്ടത്:സിഡിസിയുടെ (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) റിപ്പോർട്ട് അനുസരിച്ച്, ബോധവത്‌കരണത്തിന്‍റെ അഭാവം മൂലം ഏകദേശം 70 ശതമാനം ആളുകളും അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും പല്ല് പരിശോധിക്കുന്നില്ല. അതേസമയം, 90 ശതമാനം ആളുകളും ദിവസവും ഒരു പ്രാവശ്യം മാത്രമാണ് പല്ല് വൃത്തിയാക്കുന്നത്. വായുടെ ആരോഗ്യം നിലനിർത്താൻ ചില നല്ല ശീലങ്ങൾ സ്വീകരിക്കുകയും ചില കാര്യങ്ങൾ മനസിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഡോക്‌ടർമാർ പറയുന്നു. അവയിൽ ചിലതാണ് താഴെ പറയുന്നത്:
- മൃദുലവും അധികം പഴക്കം ചെല്ലാത്തതുമായ ബ്രഷ് ഉപയോഗിച്ച് ദിവസവും രണ്ട് നേരം പല്ല് വൃത്തിയാക്കുക
- ഫ്ലോസര്‍ പോലുള്ള ഉപകരണങ്ങല്‍ ഉപയോഗിച്ച് ആഴ്‌ചയില്‍ രണ്ട് തവണ പല്ല് വൃത്തിയാക്കുക
- മോണയില്‍ പതിവായി മസാജ് ചെയ്യുക. ഇതുവഴി വായിലെ രക്ത ചംക്രമണം മെച്ചപ്പെടും
- പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറി, ഇലക്കറികള്‍, ധാന്യങ്ങല്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക
- സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങളും പഞ്ചസാരയും ഒഴിവാക്കുക
- ഭക്ഷണം നന്നായി ചവച്ച് കഴിക്കുക. നന്നായി ചവയ്‌ക്കുന്നതിലൂടെ ആവശ്യമാസ എന്‍സൈമുകള്‍ വായില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ദഹനത്തിനും വായുടെ ആരോഗ്യത്തിനും സഹായിക്കുകയും ചെയ്യും
- പുകവലി ഒഴിവാക്കുക. പാന്‍ മസാല, പുകയില എന്നിവയുടെ ഉപയോഗം ഒഴിവാക്കുക
- മദ്യപാനം ഒഴിവാക്കുക
- വർഷത്തിൽ ഒരിക്കലെങ്കിലും ദന്ത ഡോക്‌ടറെ കണ്ട് വായ പരിശോധിക്കുക. പല്ലിലോ വായിലോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നേരത്തെ കണ്ടെത്തി ചികിത്സിക്കാനാകും.