ലോകത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. പ്രമേഹത്തെ നേരിടാനുള്ള പ്രധാന മാര്‍ഗം അതിനെക്കുറിച്ചുള്ള അവബോധമാണ്. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാനാണ്.
ലോകത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം 54 കോടിയോളമാണ്. അടുത്ത പത്ത് വര്‍ഷത്തില്‍ പത്ത് കോടി ആളുകള്‍ക്ക് കൂടി പ്രമേഹം പിടിപെടുമെന്നും കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് കൊണ്ട് തന്നെ ലോകത്തിലെ പ്രമേഹത്തിന്‍റെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്.
രാജ്യത്ത് ദക്ഷിണേന്ത്യയിലാണ് പ്രമേഹ രോഗികള്‍ കൂടുതലായുള്ളത്. പ്രായം കൂടുന്തോറും പ്രമേഹം പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. കുട്ടികളിലേയും കൗമാരക്കാരിലേയും ടൈപ്പ്-2 പ്രമേഹം ആശങ്ക ഉളവാക്കുന്നതാണ്.
പ്രമേഹ രോഗത്തിന് തക്കസമയത്ത് ശരിയായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന പ്രായമായവരുടെ എണ്ണം വളരെ കൂടുതലാണ്. ഗര്‍ഭിണികളായ പ്രമേഹ രോഗികളിലെ ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. അമ്മയിലെ പ്രമേഹ രോഗം ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു.
പതുങ്ങിയിരിക്കുന്ന ശത്രു:പ്രമേഹത്തെ ശൈശവ ദശയില്‍ തന്നെ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്. യാതൊരു ലക്ഷണങ്ങളും കാണിക്കാതെ വര്‍ഷങ്ങളോളം പ്രമേഹത്തിന് നമ്മുടെ ശരീരത്തില്‍ പതിയിരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്‍റെ രോഗനിര്‍ണയം വൈകിയാണ് നടക്കാറുള്ളത്. ഇതിന്‍റെ ഫലമായി ശരിയായി ചികിത്സ ലഭിക്കാതെ പല അവയവങ്ങളെയും പ്രമേഹം ബാധിക്കുന്നു.
ശരിയായ ഭക്ഷണക്രമവും മരുന്നും പല ആരോഗ്യ പ്രശ്‌നങ്ങളെയും തടയാന്‍ സാധിക്കും. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രത്യക്ഷമാകും. കുട്ടികളിലെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് പ്രമേഹം തടസം സൃഷ്‌ടിക്കുന്നു. അതുകൊണ്ട് തന്നെ ശരിയായ ചികിത്സ ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.
ശരിയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കും. പ്രമേഹ രോഗികളാണെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാനും മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സാധിക്കും.
ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്ന പ്രമേഹം പൂര്‍ണമായി തടയാന്‍ സാധിക്കില്ലെങ്കിലും അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഉചിതമായ ഭക്ഷണക്രമം, മരുന്നുകള്‍, വ്യായാമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചാസരയുടെ അളവും കൊഴുപ്പും സമതുലനാവസ്ഥയില്‍ നിര്‍ത്തി പ്രമേഹം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും.
നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍:ടൈപ്പ് 2 പ്രമേഹ രോഗികളില്‍ അമ്പത് ശതമാനത്തോളം പേര്‍ ഹൃദ്രോഗങ്ങളാലും പക്ഷാഘാതത്താലും അകാലത്തില്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. പത്ത് ശതമാനം പേര്‍ കിഡ്‌നി രോഗങ്ങളാലും മരണപ്പെടുന്നു. പ്രമേഹം കാരണം കാഴ്‌ച നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.
കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും കാലുകള്‍ മുറിച്ച് മാറ്റപ്പെടേണ്ട സാഹചര്യവും ഉണ്ടാകുന്നു. മദ്യപാനവും പുകവലിയും പ്രമേഹം ഗുരുതരമാക്കുന്നു. ചെറുപ്പത്തില്‍ തന്നെ അര്‍ബുദം ബാധിക്കുന്നവരില്‍ പലരും പ്രമേഹ രോഗികളാണ്.
വ്യായാമം പ്രധാനം: മാതാപിതാക്കള്‍ പ്രമേഹ രോഗികളാണെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് പ്രമേഹം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ ആരോഗ്യകരമായ അച്ചടക്കം പാലിക്കണം. മരുന്നുകള്‍ കൃത്യമായി കഴിക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ചെയ്യണം.
പ്രമേഹം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനായി ശരീര പരിശോധനയും നടത്തേണ്ടതുണ്ട്. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കില്‍ അത് രക്തക്കുഴലുകള്‍, വൃക്കകള്‍, ഹൃദയം, അസ്ഥികള്‍ എന്നിവയെ ബാധിക്കും.
ശരിയായ വ്യായാമം പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാന്‍ വളരെയധികം സാഹായിക്കുന്നു. പ്രൈമറി സ്‌കൂള്‍ തലം മുതല്‍ തന്നെ വ്യായാമം കുട്ടികളുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കണം. പൊണ്ണത്തടിയുള്ള ഭൂരിഭാഗം പേര്‍ക്കും പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹം സംബന്ധിച്ചുള്ള ആധുനിക വൈദ്യശാസ്ത്ര ഗവേഷണത്തിന്‍റെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. വളരെ നിശബ്‌ദമായി പൊതുജന ആരോഗ്യത്തെ കാര്‍ന്ന് തിന്നുന്ന പ്രമേഹത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആവശ്യമാണ്.