ഹൈദരാബാദ് : ഒക്‌ടോബർ ആറ് ലോക സെറിബ്രൽ പാൾസി(Cerebral Palsy ) ദിനമാണ്. ഇത് ബാധിച്ചവരെ പരിചരിക്കുക, സഹായിക്കുക, രോഗത്തെക്കുറിച്ച് അവബോധം വളർത്തുക, അതിനുവേണ്ട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരിക എന്നിവയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. 'സെറിബ്രൽ' എന്നാൽ തലച്ചോറുമായി ബന്ധപ്പെട്ടത് എന്നും 'പാൾസി' എന്നാൽ ശരീരത്തിന്‍റെ ബലഹീനത അല്ലെങ്കിൽ വിറയൽ എന്നുമാണ് അർഥമാക്കുന്നത്.
സെറിബ്രൽ പാൾസി ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. മറിച്ച് നവജാതശിശുക്കളിൽ സംഭവിക്കുന്ന നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങളെ ചേർത്തുപറയുന്നതാണ്. ഇത് കുട്ടികളുടെ പേശികളുടെ ചലനത്തെയും ഭാവത്തെയും ബാധിക്കുകയും പിന്നീട് ആജീവനാന്ത വൈകല്യങ്ങളായി മാറുകയും ചെയ്യുന്നു.
1000 കുട്ടികളിൽ 2 മുതൽ 4 വരെ കുട്ടികൾക്ക് സെറിബ്രൽ പാൾസി വരാം. ലോകമെമ്പാടുമുള്ള 17 ദശലക്ഷം ആളുകള്‍ക്ക് ഈ രോഗമുണ്ട്. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഈ അസുഖത്തെക്കുറിച്ച് അവബോധമുള്ളത്. സെറിബ്രൽ പാൾസി ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജനനത്തിന് തൊട്ടുപിന്നാലെയോ മസ്‌തിഷ്ക ക്ഷതം അല്ലെങ്കിൽ അസാധാരണമായ മസ്‌തിഷ്‌ക വികാസം മൂലമുണ്ടാകുന്ന ഒരു കൂട്ടം ന്യൂറോളജിക്കൽ അവസ്ഥകള്‍ ചേര്‍ന്നതാണ്.
കാഴ്‌ച, സംസാരം, പഠന പ്രശ്‌നങ്ങൾ, ബൗദ്ധിക വൈകല്യം, അപസ്‌മാരം, പേശികളുടെ ചലനം ഭാഗികമോ പൂർണമോ ആയ നഷ്‌ടം എന്നിവ ഉൾപ്പടെ നിരവധി ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. തലച്ചോറിനും പേശികൾക്കും ഉണ്ടാകുന്ന പ്രശ്‌നമാണിത്. ചിലപ്പോൾ കണ്ണിനും ചെവിക്കും കൂടി ഈ അസുഖം ബാധിച്ചേക്കാം.
സെറിബ്രൽ പാൾസി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ഓരോ കുട്ടിക്കും രോഗലക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കാം. ഓരോരുത്തർക്കും അവരിലെ രോഗാവസ്ഥയുടെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നൽകുന്നത്.
കുട്ടികളിലെ സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങൾ
- നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട്
- വസ്‌തുക്കൾ കൈവശം വയ്ക്കാനുള്ള ബുദ്ധിമുട്ട്
- പേശീ ടോണിലെ മാറ്റങ്ങൾ
- സംസാരിക്കാനുള്ള വിഷമം
- വിഴുങ്ങാൻ ബുദ്ധിമുട്ട്
- അമിതമായ ഉമിനീർ
- മസ്‌തിഷ്‌കത്തിന്‍റെ സന്തുലിതാവസ്ഥ പൂർണമായും നഷ്‌ടപ്പെടല്‍
- ബുദ്ധിപരമായ വൈകല്യങ്ങൾ
സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങൾ സാധാരണയായി മൂന്നോ നാലോ വയസിന് മുമ്പ് കുട്ടികളിൽ പ്രത്യക്ഷപ്പെടുന്നു. ഈ പ്രായത്തിന് മുമ്പ് ഒരു കുട്ടിക്ക് രോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കിൽ, മാതാപിതാക്കൾ തീർച്ചയായും ഒരു ഡോക്‌ടറെ സമീപിക്കണം. സമയബന്ധിതമായ ചികിത്സയിലൂടെ കുട്ടിക്ക് സുഖം പ്രാപിക്കാൻ കഴിയും.