ഇന്ന് ലോക അര്‍ബുദ ദിനമാണ്. ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണമായ വളര്‍ച്ചയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെയാണ് അര്‍ബുദം എന്ന് വിളിക്കുന്നത്. ഇപ്രാവശ്യത്തെ അര്‍ബുദ ദിന സന്ദേശം അര്‍ബുദ 'ചികിത്സാലഭ്യതയിലെ വിടവ് നികത്തുക' എന്നതാണ്.
ലോകത്ത് നിരവധി ആളുകള്‍ക്ക് ശരിയായ അര്‍ബുദ ചികിത്സ ലഭിക്കുന്നില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ സന്ദേശം വിരല്‍ ചൂണ്ടുന്നത്. 'അര്‍ബുദ ചികിത്സ ലഭ്യമാകുന്നതിന് പല പ്രതിബന്ധങ്ങളാണ് നിലനില്‍ക്കുന്നത്. വരുമാനം, വിദ്യാഭ്യാസം, പ്രാദേശികമായ സാഹചര്യങ്ങള്‍ എന്നിവ അര്‍ബുദ ചികിത്സ ലഭ്യമാകുന്നതില്‍ സ്വാധീനം ചെലുത്തുന്നു. വംശം, ലിംഗം, പ്രായം , ശാരീരികമായ അവശത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്‍റെ ഫലമായും അര്‍ബുദ ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ അര്‍ബുദത്തിന്‍റെ അപകട ഭീഷണി കൂടുതല്‍ ഉള്ളവരാണ്. അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, അര്‍ബുദം ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയ ചുറ്റുപാടുകളിലുള്ള ജീവിതം എന്നിവയാണ് ഇതിന് കാരണം', ലോക അര്‍ബുദ ദിനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് മരണങ്ങളുടെ പ്രധാന കാരണമാണ് അര്‍ബുദമെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു. 2020ല്‍ ഒരു കോടി മരണങ്ങള്‍ അര്‍ബുദം കാരണമാണ് സംഭവിച്ചത്. അതായത് ആറ് മരണങ്ങളില്‍ ഒന്ന് ക്യാന്‍സര്‍ മൂലമാണ്.
അര്‍ബുദ മരണങ്ങളില്‍ മൂന്നിലൊന്ന് സംഭവിച്ചത് ജീവിത ശൈലിയുമായി ബന്ധപ്പെട്ടുണ്ടായവ മൂലമാണ് ( പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, പഴവും പച്ചക്കറിയും ആവശ്യത്തിന് കഴിക്കാതിരിക്കുക, വ്യായാമക്കുറവ് തുടങ്ങിയവ ). കൂടാതെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ദരിദ്ര വികസ്വര രാജ്യങ്ങളിലെ അര്‍ബുദങ്ങളില്‍ 30 ശതമാനത്തിനും കാരണം പാപ്പിലോമവൈറസ്, ഹെപ്പറ്റൈറ്റിസ് എന്നിവയാണ്.
മിക്ക ക്യാന്‍സറുകളും ശൈശവാവസ്ഥയില്‍ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ഭേദപ്പെടുത്താവുന്നതാണ്. 2020ല്‍ ലോകത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അര്‍ബുദ രോഗങ്ങള്‍ ഇവയാണ്.
- സ്തനാര്‍ബുദം (22,60,000
- ശ്വാസകോശാര്‍ബുദം (22,10,000 )
- colon and rectum വന്‍കുടല്‍, മലാശയ അര്‍ബുദങ്ങള്‍ (19,30,000 );
- പ്രൊസ്റ്റേറ്റ് അര്‍ബുദം ( 14,10,000 )
- ത്വക്കിനെ ബാധിക്കുന്നത് ( 12,00,000 )
- ഉദരാര്‍ബുദം ( 10,90,000 )
അര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എങ്ങനെ കണ്ടെത്താം?
വായിലെ വ്രണങ്ങൾ, ദീർഘനേരം ചുമ, ശരീരത്തിലെ മുഴകൾ രക്തസ്രാവം എന്നിവ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്. പക്ഷേ ഈ ലക്ഷണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അര്‍ബുദം കൊണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വൈദ്യ പരിശോധന നടത്തി ശരിയായ കാരണങ്ങള്‍ കണ്ടെത്താം.
- മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്
- മൂത്രം പെട്ടെന്ന് പോകുന്ന അവസ്ഥ, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്, മുത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടുക എന്നിവ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.
- മലമൂത്ര രക്തസ്രാവം
- മലമൂത്ര വിസര്‍ജനത്തോടൊപ്പമുള്ള രക്തസ്രാവം വന്‍കുടല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഇതേ ലക്ഷണങ്ങള്‍ തന്നെയാണ് പൈല്‍സിന്‍റേതും അതുകൊണ്ട് വൈദ്യ പരിശോധന അത്യാവശ്യമാണ്.
- ചര്‍മ്മത്തിലെ മാറ്റങ്ങള്‍
- ചര്‍മ്മത്തില്‍ ചൊറിഞ്ഞ് പൊട്ടലുകള്‍, നിറ വ്യത്യാസം എന്നിവ ദീര്‍ഘ നാള്‍ കഴിഞ്ഞിട്ടും പൂര്‍വ സ്ഥിതിയില്‍ എത്താത്തത് സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്
- വൃഷണത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
- വൃഷണത്തില്‍ വീക്കം, മുഴകള്‍, കൂടുതല്‍ ഭാരം അനുഭവപ്പെടുക എന്നിവ സംഭവിക്കുകയാണെങ്കില്‍ വൈദ്യ സഹായം തേടേണ്ടതുണ്ട് കാരണം ഇത് ടെസ്റ്റിക്കുലര്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.
- ശരീര ഭാരം കുറയുന്നത്
- പെട്ടെന്ന് ശരീര ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ ലക്ഷണമാണ്.
- ഭക്ഷണം തൊണ്ടയില്‍ ഇറക്കുമ്പോഴുള്ള ബുദ്ധിമുട്ട്
- തൊണ്ടവേദന, അണുബാധ, ടോൺസിലുകൾ തുടങ്ങിയ പ്രശ്നങ്ങൾ കാരണം നമുക്ക് ഭക്ഷണം തൊണ്ടയില്‍ ഇറക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭപ്പെടും. എന്നാൽ ഈ ബുദ്ധിമുട്ടും ഇതോടൊപ്പം ഛർദ്ദിയും ഉണ്ടാവുകയാണെങ്കില്‍ അത് ഉദരാര്‍ബുദത്തിന്‍റെ ലക്ഷണമാകാം.
- സ്തനങ്ങളിലെ മാറ്റം
- സ്തനങ്ങളുടെ നീർവീക്കം, മുഴകൾ, ത്വക്ക് ചുരുങ്ങൽ, കഠിനമായ ചൊറിച്ചിൽ, മുലക്കണ്ണിന് ചുറ്റുമുള്ള ചർമ്മം അയയുന്നത്, തുടങ്ങിയവയാണ് സ്തനാർബുദത്തിന്‍റെ ലക്ഷണം
മാസത്തിൽ രണ്ടുതവണ ആർത്തവം
സ്ത്രീകൾക്ക് സാധാരണയായി 25 മുതൽ 28 ദിവസം വരെയുള്ള ഇടവേളകളിലാണ് ആർത്തവം ഉണ്ടാകുന്നത്. എന്നാൽ മാസത്തിൽ ഒന്നിലധികം തവണ ആർത്തവം വരുന്ന അവസ്ഥയുമുണ്ട്. ചില സ്ത്രീകളില്‍ ആർത്തവത്തിന് ശേഷവും രക്തസ്രാവം സംഭവിക്കുന്നു. പല വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് ഈ പ്രശ്ന്നങ്ങള്‍ ഉണ്ടാവും ചിലപ്പോള്‍ ഇത്തരം പ്രശ്നങ്ങളുടെ കാരണം അര്‍ബുദവുമാകാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ക്യാന്‍സര്‍ കാരണമാകണമെന്നില്ല. പക്ഷേ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ക്യാന്‍സര്‍ ഭീഷണി കുറയ്ക്കാനുള്ള എട്ട് ടിപ്പുകള്‍
- ഉപ്പിന്‍റെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കുക
- രാവിലത്തെ വെയില്‍ കൊള്ളുക
- പ്ലാസ്റ്റിക്കില്‍ വളരെ നാള്‍ സൂക്ഷിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
- റെഡ്‌മീറ്റ് കഴിക്കുന്നത് കുറയ്ക്കുക
- ശരീര ഭാരം നിയന്ത്രിച്ച് നിര്‍ത്തുക
- പുകവലി ഉപേക്ഷിക്കുക
- മതിയായ അളവില്‍ ഉറങ്ങുക
- അര്‍ബുദ പരിശോധന നടത്തുക
ALSO READ:അർബുദം : മുൻകരുതലും പ്രതിരോധവും ; ഡോ. എം.സി കലാവതി പറയുന്നു