തുമകുരു(കര്‍ണാടക): തുമകുരുവിലെ ബെലഗെരെഹള്ളിയിൽ വ്യാജ ഡോക്ടർ ദമ്പതികൾ നൽകിയ ഐവിഎഫ് ചികിത്സയെ തുടർന്ന് 34കാരി മരിച്ചു. ബെലഗെരെഹള്ളി സ്വദേശി മമതയാണ് മരിച്ചത്. വ്യാജ ഡോക്‌ടർമാരായ വാണി, മഞ്ജുനാഥ് എന്നിവരെ അറസ്റ്റ് ചെയ്‌ത് പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മല്ലികാർജുനൻ-മമത ദമ്പതികളിൽ നിന്ന് നാല് മാസത്തെ ചികിത്സക്കിടെ 4 ലക്ഷം രൂപയാണ് വ്യാജ ഡോക്ടർ ദമ്പതികൾ തട്ടിയെടുത്തത്. 15 വർഷം മുമ്പാണ് മല്ലികാർജുനൻ മമതയെ വിവാഹം ചെയ്‌തത്. വിവാഹിതരായി 15 വർഷമായിട്ടും ഇതുവരെ മക്കളില്ലാത്തതിനെ തുടർന്ന് ദമ്പതികൾ നിരവധി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
ഈ സമയത്താണ് മാണ്ഡ്യ സ്വദേശി മഞ്ജുനാഥും ഉഡുപ്പി സ്വദേശിനിയായ വാണി എന്നീ വ്യാജ ഡോക്ടർ ദമ്പതികൾ മമതയെയും മല്ലികാർജുനെയും ബന്ധപ്പെടുകയും, ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞിനെ ലഭിക്കാൻ സഹായിക്കാമെന്നും വാഗ്‌ദാനം നൽകി. തുടർന്ന് മമതയുടെ വയറ്റിൽ കുഞ്ഞ് വളരുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വയറുവേദനയെ തുടർന്ന് മമതയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മമത ഗർഭിണിയല്ലെന്ന സത്യം വെളിപ്പെടുന്നത്.
പിന്നീട് ഗുരുതരാവസ്ഥയിലായ മമതയ്‌ക്ക് വ്യാജചികിത്സയുടെ ഫലമായി ഗർഭാശയം, വൃക്ക, ഹൃദയം, മസ്‌തിഷ്‌ക സംബന്ധമായ രോഗങ്ങളുണ്ടായി. തുടർന്ന് ബെംഗളൂരു സെന്‍റ് ജോൺസ് ആശുപത്രിയിലും തുമകുരുവിലെ ശ്രീദേവി ആശുപത്രിയിലും മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു മമത. തുടർ ചികിത്സയ്‌ക്കായി മമതയെ തിപ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്‌ച മരണപ്പെട്ടു.
തിപ്പത്തൂർ, തിരുവേക്കരെ, അരസിക്കെരെ എന്നിവിടങ്ങളിലായി സമാനരീതിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ ദമ്പതികൾ മക്കളില്ലാത്ത ദമ്പതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്. വ്യാജ ഡോക്‌ടർമാരായ വാണി, മഞ്ജുനാഥ് എന്നിവർക്കെതിരെ നൊനവനെകെരെ പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വാണിയും മഞ്ജുനാഥും എസ്എസ്എൽസി പാസായവർ മാത്രമാണെന്നും മെഡിക്കൽ ബിരുദമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.