ഹൈദരാബാദ്:തണുപ്പ് തുടങ്ങിയാല്‍ മിക്കവരും പല വിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. ആയുര്‍വേദ മരുന്നുകളിലൂടെയും കൃത്യമായ ദിനചര്യകളിലൂടെയും ഒരു പരിധിവരെ ഇവയെല്ലാം അകറ്റി നിര്‍ത്താമെന്നാണ് ആയുർവേദ രംഗത്തെ വിദഗ്‌ധർ പറയുന്നത്. നമ്മുടെ അടുക്കളയില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ചുമ, ജലദോഷം, തലവേദന, പനി, ശരീരവേദനകള്‍, തൊണ്ടവേദന തുടങ്ങിയവയെ നമുക്ക് അകറ്റി നിര്‍ത്താം. പ്രതിരോധ ശേഷി വർധിപ്പിക്കാനും ആയുർവേദ മരുന്നുകൾക്ക് കഴിയും.
ചുമ, പനി എന്നിവയകറ്റാൻ: ചിറ്റമൃത് ഇലകള്‍ ചവച്ചരച്ച് കഴിക്കുന്നത് പനി, ചുമ. ജലദോഷം എന്നിവയ്ക്ക് വളരെ നല്ല ഔഷധമാണ്. ചിറ്റമൃതിന്‍റെ നീര് പിഴിഞ്ഞ് കുരുമുളക് പൊടിയുമായി ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ദിവസം മൂന്ന് നേരം കഴിച്ചാല്‍ പനിയും തൊണ്ടവേദനയും കുറയും.
വരണ്ട ചുമയ്ക്ക് കടുക്ക വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ അഞ്ച് തുളസിയില രണ്ട് കഷണം വെളുത്തുള്ളി അല്‍പ്പം കുരുമുളകും കൂടി അരച്ച് കഴിക്കുന്നതും നല്ലതാണ്. ദിവസം രാവിലെയും വൈകുന്നേരവും ആടലോടകത്തിന്‍റെ ഇലയും കുരുമുളക് പൊടിയും ഒരു സ്പൂണ്‍ വീതം കഴിക്കുന്നതും ചുമയെ അകറ്റും.
തൊണ്ടയിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ അഞ്ചോ ആറോ ഗ്രാം കുരുമുളക് പൊടി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അരസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുന്നതും നന്നായിരിക്കും.