ജനീവ: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). കൊവിഡ് വൈറസ് പൂര്‍ണമായും വിട്ടൊഴിയില്ലെന്നും ഭാവിയില്‍ മൃഗങ്ങളിലും മനുഷ്യരിലും അത് നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ട്രെഡോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. പാന്‍ഡെമികിനെ തുടര്‍ന്നുള്ള നാലാം വര്‍ഷത്തിലേക്കാണ് നമ്മളിപ്പോള്‍ കടന്നിരിക്കുന്നത്. എന്നാല്‍ നേരത്തെയുള്ള സാഹചര്യങ്ങളെക്കാള്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും കൊവിഡിനെതിരെയുള്ള ജാഗ്രത തുടരുമെന്ന് കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു. വാക്‌സിനേഷനാണ് കൊവിഡ് വൈറസിനെതിരെ ചെറുക്കാനുള്ള മാര്‍ഗം. കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കാന്‍ ഇതിന് ഒരു പരിധി വരെ കഴിയും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ഭാവിയില്‍ ഇത് മനുഷ്യരിലും മൃഗങ്ങളിലുമായി നിലനില്‍ക്കുക തന്നെ ചെയ്യും.
ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടാഴ്‌ചക്കിടെ 1,70,000 ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി. 'കൊവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. പകരം ആരോഗ്യ സംവിധാനങ്ങളിലും ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യാന്‍ കഴിയും. പ്രതിരോധം എന്നത് കൊണ്ട് ഉദ്യേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നതാണ്.
മാത്രമല്ല കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയും വേണം. കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുകയും ചെയ്യണം. കൊവിഡ് പരിശോധനകളും മറ്റും വര്‍ധിപ്പിക്കുന്നതിന് ലബോറട്ടറികള്‍ വിപുലീകരിക്കുകയും വേണം. കൂടാതെ വൈറസുമായും പ്രതിരോധ കുത്തിവയ്‌പ്പുകളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പോരാടണമെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.