ഹൈദരാബാദ് :ജലദോഷം സാധാരണഗതിയില്‍ ആരോഗ്യത്തിന് വലിയ പ്രശ്‌നമുണ്ടാക്കുന്ന അസുഖമല്ല. പക്ഷേ അത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ നമുക്ക് വലിയ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ ജലദോഷം നിലനില്‍ക്കുന്ന കാലയളവും അതിന്‍റെ കാഠിന്യവും കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. നെയില്‍ വാല്‍ഷ്(ലിവര്‍പൂള്‍ ജോണ്‍മൂര്‍സ് സര്‍വകലാശാല)സോഫി ഇ ഹാരിസണ്‍(യുകെയിലെ ബന്‍ഗര്‍ സര്‍വകലാശാല)എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. അവര്‍ എഴുതുന്നു.
സാധാരണഗതിയില്‍ ശൈത്യകാലത്താണ് ജലദോഷം കൂടുതല്‍ സമയം ഉണ്ടാകാറുള്ളത്. ശൈത്യകാലത്ത് മുറിക്കുള്ളില്‍ ആളുകള്‍ അടുത്തടുത്ത് കഴിയുന്നത് ജലദോഷം ഉണ്ടാകാന്‍ കാരണമാകുന്നു. തണുപ്പ് കാലത്ത് വിറ്റാമിന്‍ ഡി നമ്മളില്‍ കുറയുന്നതും ജലദോഷത്തിന് കാരണമാകുന്നു. ശൈത്യകാലത്ത് സൂര്യപ്രകാശം അത്രകണ്ട് ലഭിക്കാത്തതാണ് വിറ്റാമിന്‍ ഡി കുറയാന്‍ കാരണം. ചൂട് കാലത്ത് വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തിലൂടെ കൂടുതല്‍ ലഭിക്കും. അതിനാല്‍ ശൈത്യകാലത്തെ അപേക്ഷിച്ച് ചൂട് കാലത്ത് ജലദോഷം കുറവായാണ് കാണപ്പെടുന്നത്.
വിറ്റാമിന്‍ ഡി കൂടുതല്‍ അളവില്‍ ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണത്തിലൂടെ കിട്ടുകയുള്ളൂ. ഭൂമിയില്‍ 30ഡിഗ്രി അക്ഷാംശത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന യു.കെ പോലുള്ള രാജ്യങ്ങളില്‍ ശൈത്യകാലത്ത് വിറ്റാമിന്‍ ഡി വേണ്ടത്ര അളവില്‍ ആളുകള്‍ക്ക് ലഭിക്കാതിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടുതല്‍ സമയം മുറിക്കുള്ളില്‍ കഴിയുന്നവര്‍ക്കും വേണ്ടത്ര അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നില്ല. ശൈത്യകാലത്ത് യുകെയിലെ പകുതിയില്‍ കൂടുതല്‍ ആളുകള്‍ക്ക് വേണ്ടത്ര അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നില്ല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ യു.കെയില്‍ വേണ്ടത്രയളവില്‍ വിറ്റാമിന്‍ ഡി ലഭ്യമാക്കുന്നതിന് സൂര്യ രശ്മികള്‍ പര്യാപത്മല്ല.