ആളുകളില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ സാധാരണയായി കണ്ടുവരാറുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ഇവ കാണപ്പെടാറുണ്ടെന്നത് വസ്‌തുതയാണ്. ഭക്ഷണം, ജീവിതശൈലി എന്നിവയിലെ പോരായ്‌മകള്‍ ഇവയൊക്കെയാണ് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് ആളുകളെ നയിക്കുന്നത്. കഴിഞ്ഞ ഒരു ദശകംകൊണ്ടാണ് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആളുകളില്‍ വര്‍ധിച്ചത്. പുറമെ, കൊവിഡ് മഹാമാരി വ്യാപനം ആളുകളിലെ വിറ്റാമിന്‍റെ കുറവ് മുന്‍പുള്ളതിനേക്കാള്‍ കൂട്ടിയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.
വിറ്റാമിന്‍ പ്രശ്‌നം വര്‍ധിച്ചത് 90 ശതമാനത്തോളം: എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ മാത്രമല്ല വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമുള്ളത്. ശരീരത്തിന്‍റെ പുഷ്‌ടിപ്പിനും രോഗങ്ങളെ മറികടക്കാനും ശാരീരിക പ്രവർത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും വിറ്റാമിൻ ഡി വേണ്ടതുണ്ട്. ശരീരത്തില്‍ ഈ പോഷകത്തിന്‍റെ അഭാവം മാനസികമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് എല്ലാ പ്രായത്തിലുമുള്ള ആളുകളിലും വളരെ സാധാരണയായി കാണാറുണ്ടെങ്കിലും വന്‍ തോതില്‍ ഇതിന്‍റെ കുറവുള്ള കേസുകൾ ആശങ്കാജനകമാണ്. കൊവിഡ് ബാധിച്ചവരില്‍ വിറ്റാമിൻ ഡിയുടെ കുറവ് വലിയ തോതിലുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കൊവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷിയെ വളരെയധികം ബാധിച്ചിട്ടുണ്ട്.
2020ൽ, ചിക്കാഗോ സർവകലാശാല നടത്തിയ ഗവേഷണത്തിൽ വിറ്റാമിൻ ഡിയുടെ കുറവുള്ള 20 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിക്കുന്നതായി കണ്ടെത്തി. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് ആളുകളിലേക്ക് കൊവിഡ് പടര്‍ത്താന്‍ ഇടയാക്കുന്നുവെന്ന് മറ്റൊരു ഗവേഷണത്തിലും സ്ഥിരീകരിച്ചിരുന്നു. കൊവിഡ് കാലഘട്ടത്തിന് മുന്‍പ് വിറ്റാമിൻ ഡിയുടെ കുറവ് 40 ശതമാനം ആളുകളിലായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍, ഇപ്പോൾ കണക്ക് 90 ശതമാനത്തിലേറെയായി വർധിച്ചിരിക്കുകയാണ്. ശരീരത്തിൽ വിറ്റാമിന്‍ ഡിയുടെ അമിതമായ കുറവ് കാണപ്പെടുന്നത് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
പോഷകമടങ്ങിയ ഭക്ഷണത്തിന്‍റെ കുറവ് ഒരു പ്രശ്‌നമാണ്: കൊവിഡ് ബാധിച്ചതിനുശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടാണ് ആളുകള്‍ നേരിടുന്നത്. അതിലൊന്നാണ് ശരീരത്തില്‍ പ്രതിരോധ ശേഷിയിലുണ്ടാവുന്ന വ്യതിയാനത്തെ തുടര്‍ന്നുള്ള വിഷയങ്ങളെന്ന് ലഖ്‌നൗവിലെ ഓർത്തോപീഡിക് ഡോക്‌ടറായ ഡോ. റാഷിദ് ഖാൻ പറയുന്നു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാല്‍ ആളുകളില്‍ പല തരത്തിലുള്ള വേദനകള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. ഭക്ഷണത്തിലൂടെ പോഷകങ്ങൾ ശരീരത്തിലെത്തിക്കാന്‍ കഴിയാത്തവരില്‍ ഇത്തരത്തിലുള്ള പാര്‍ശ്വഫലം ദൃശ്യമാക്കുന്നുണ്ട്.
കാൽസ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ശരീരത്തിലെ മറ്റ് പല പോഷകങ്ങളും ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി നമുക്ക് സഹായമേകുന്നുണ്ട്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ എല്ലുകളും പേശികളും ശക്തമായി നിലനിൽക്കുന്നത്. ഹൃദയം, വൃക്കകൾ, ശരീരത്തിന്‍റെ മറ്റ് പല ഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ പല ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വേണ്ടി വിറ്റാമിന്‍ ഡി പ്രവർത്തിക്കുന്നുവെന്നത് വാസ്‌തവം.