പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് വയാഗ്ര കഴിച്ച യുവാവിന് ഒടുവില്‍ അതിന്‍റെ പാര്‍ശ്വ ഫലങ്ങളില്‍ നിന്നും മുക്തി നേടാന്‍ ആശുപത്രിയില്‍ അഭയം തേടേണ്ടി വന്നു. വിവാഹത്തിന് പിന്നാലെ ലൈംഗിക ഉത്തേജനത്തിനായി സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം വലിയ അളവിലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുള്ള നവവരന്‍ വയാഗ്ര മരുന്ന് കഴിച്ചത്. രണ്ട് ശസ്‌ത്രക്രിയകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ഡോക്‌ടര്‍മാര്‍ ജീവിതത്തിലേക്ക് മടക്കികൊണ്ട് വന്നത്.
പൗരുഷം വർധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും സാധാരണമാണ്. ലോകമെമ്പാടുമുള്ള 40-60 വയസിനിടയിലുള്ള 52% ആളുകളും ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പലരും വിദഗ്ധ ഉപദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുകയും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നത്.
ഇന്ന് പലരും പുരുഷത്വം വര്‍ധിപ്പിക്കാന്‍ 'വയാഗ്ര' പോലുള്ള ഉത്തേജന മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. പലരും വിദഗ്‌ധരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെയാകും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. ഇവയുടെ അമിതമായ ഉപയോഗം മൂലം മരണം വരെ സംഭവിച്ചേക്കാം. ഇത്തരത്തില്‍ ആര്‍ക്ക് വേണമെങ്കിലും സ്വന്തം ഇഷ്‌ടപ്രകാരം കഴിക്കാന്‍ സാധിക്കാത്ത വയാഗ്രയെ കുറിച്ച് വിദഗ്‌ദര്‍ പറയുന്നത് പരിശോധിക്കാം.
വയാഗ്ര മരുന്നുകള്‍ എന്താണ്:പുരുഷന്മാര്‍ ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുന്ന മരുന്നകളെയാണ് പൊതുവെ വയാഗ്ര എന്ന് അറിയപ്പെടുന്നത്. നിലവില്‍ ഇത്തരം മരുന്നുകള്‍ പല പേരിലും, ബ്രാന്‍ഡിലും ലഭ്യമാണ്. പല മെഡിക്കല്‍ സ്‌റ്റോറുകളിലും ഇത്തരം മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.